Monday, November 28, 2011

ഒരു തൂപ്പുകാരിയുടെ ചതി.


1   . ഉടുമുണ്ട്


രമേശ്‌ പഠിച്ചത് തമിഴ്നാട്ടിലെ ഒരു കോളേജില്‍. രമേശിന്റെ ബ്ലോക്ക്‌ പണ്ട് ഏതോ ആസ്പത്രി ആയിരുന്നതാണ്. അത് കൊണ്ട് എല്ലാ ക്ലാസ്സ്‌ റൂമിലും അടുക്കളയും ബാത്ത്റൂമും ഉണ്ട്.

രമേശ്‌  രാവിലെ എണീറ്റു ശിവക്ഷേത്രത്തില്‍ പോയി കുളിച്ചു തൊഴുതു. ആദ്യദിവസമല്ലേ?

രമേശന് ശിവനെ ആണ് ഇഷ്ടം. നിഗ്രഹത്തിന്‍റെ ഈശ്വരനല്ലേ? എല്ലാ പാഠങ്ങളെയും നിഗ്രഹിച്ചു രമേശന്‍റെ കാല്‍ക്കല്‍ ഇട്ടു കൊടുക്കും എന്ന് വിശ്വാസം.

രമേശന്‍ കളഭം, ചന്ദനം, കുങ്കുമം, ഭസ്മം എല്ലാം ഒന്നിന് പുറകെ ഒന്നായി നാല് കോട്ട് അടിച്ചു. അവിയല് പരുവത്തില്‍ ഒന്നാംതരം പാണ്ടിക്കുറി.

ഇളം മഞ്ഞ നിറമുള്ള ഷര്‍ട്ടും നേര്യതു മുണ്ടും ധരിച്ചു. ഫുള്‍ക്കൈ ഷര്‍ട്ട് മടക്കാതെ ബട്ടനിട്ടു.

സിനിമയില്‍ പോലും ആരും ഇത്ര ഭംഗിയായി ഒരു പാലുണ്ണിയെ പോര്‍ട്രെയിറ്റ് ചെയ്തിട്ടുണ്ടാവില്ല.

അമ്മയുടെ കാലില്‍ തൊട്ടു തൊഴുതു.

അച്ഛന്‍റെ അടുത്ത് പോയപ്പോള്‍ അച്ഛന് കാര്യം മനസ്സിലായി. കമ്മ്യൂണിസ്റ്റുകാരനായ അച്ഛന് രമേശന്‍റെ ഞാഞ്ഞൂല്‍ മാമൂലുകളോട് പണ്ടേ പുച്ഛമായിരുന്നു. പുറത്തേക്കു ആഞ്ഞൊരു നടത്തം, ” ലോകം എത്ര വേഗത്തില്‍ മുന്നോട്ടു പോകുന്നോ, അതിന്‍റെ ഡബിള്‍ സ്പീഡിലാ നിന്‍റെ പിന്നോട്ട് പോക്ക്”

ഇനി ചേട്ടനോട് ഒന്ന് അനുഗ്രഹം വാങ്ങാം.

പുള്ളി പട്ടാളത്തീന്നു അവധിക്കു വന്നതാണ്‌.

“ നീ കുഞ്ഞമ്മേടെ ജാതകംകൊടക്കാണോ പോകുന്നത്?, നിനക്ക് പാന്‍റ്സ് ഒന്നും ഇല്ല്യോടാ?”

“ഉണ്ട്”

“പിന്നെ, മുണ്ട്?”

രമേശന്‍ അതിനു ഉത്തരം പറഞ്ഞില്ല. കേരളീയതയെക്കുറിച്ചു വിവരമില്ലത്തവരോട് എന്ത് സംസാരിക്കാന്‍?

“ഇതെന്താടാ, പാളയം കോടാന്‍ കുറി?”

അതിനും ഉത്തരം പറഞ്ഞില്ല. പൊട്ടാത്ത ബോംബിനും ശിവന്‍റെ പാമ്പിനും  ഉള്ള വ്യത്യാസം അറിഞ്ഞുകൂടാത്തവരോട് എന്ത് പറയാന്‍?

കോളേജില്‍ എത്തിയപ്പോഴാണ് അറിഞ്ഞത് അവിടെ ക്ലാസ്സില്‍ 45 പേര്‍ . രമേശന്‍ എന്ന ഒറ്റ മലയാളി. മുണ്ടുടുത്ത ഏക ജീവിയും.
എല്ലാരും ക്ലസ്സിനോട് ചേര്‍ന്നുള്ള അടുക്കളയില്‍ നിന്ന് സംസാരിച്ചു. പെട്ടെന്ന് അതിലോരുത്താന്‍ രമേശന്‍റെ മുണ്ട് വലിച്ചു പറിച്ചു ഒറ്റ ഓട്ടം. രമേശന്‍ കതകിനിടയില്‍ ഒളിച്ചു. 

അവരുടെ സംസാരത്തില്‍ നിന്ന് അവര്‍ അത് സാറിന്‍റെ ടേബിളില്‍, ടേബിള്‍ ക്ലോത്തായി വിരിച്ചൂന്നു മനസ്സിലായി. അതിനു മുകളില്‍ ഫ്ളവര്‍വേസ് ഒക്കെ ഉണ്ടാക്കി വച്ചു.

ആദ്യത്തെ പീരീഡ്‌ വന്ന ലക്ചറര്‍ ഈ അലങ്കാരത്തിനെ അഭിനന്ദിച്ചു. ക്ലാസ്സ്‌ തീരുന്നതുവരെ രമേശന്‍ അങ്ങനെ വാതില്‍ക്കല്‍ ഒളിച്ചുനിന്നു. 

ക്ലാസ്സ്‌ തീര്‍ന്നപ്പോള്‍ വാതിലിനിടയിലൂടെ ഒരു വളയിട്ട കൈ.

“ഡേയ്, കേരളത്താന്‍, ഇന്നാ പുടീടാ ഉമ് വേട്ടി.”

അത് ആരായിരുന്നൂന്ന് രമേശന് ഇന്നും അറിയില്ല. അന്ന് തൊട്ട് രമേശന്‍ പാന്‍റ്സ് ഇട്ടു മാത്രമേ കോളേജില്‍ പോയിട്ടുള്ളൂ.

2.  തൂപ്പുകാരിയുടെ ചതി.


കോളജില്‍ എല്ലാ വെള്ളിയാഴ്ച്ചയും പതിനൊന്നു മുതല്‍ രണ്ടരവരെ ക്ലാസ്സില്ല. അന്ന് സ്പോര്‍ട്സ്‌ പ്രാക്ടിസ്‌.

രമേശന്‍റെ  ക്ലാസ്സിലെ എല്ലാപേരും അന്ന് അല്പം ദൂരെയുള്ള സ്ഥലത്ത് പനങ്കള്ള് കുടിക്കാന്‍ പോകും. ശിവഭക്തനായ രമേശന് മദ്യം വ്യര്‍ജ്ജ്യം.
ഒരു ദിവസം അവര്‍ രമേശനെ നിര്‍ബന്ദിച്ചു കൊണ്ട് പോയി.

അരക്കുപ്പി കുടിച്ച രമേശന് അലമ്പ് ധൈര്യം കിട്ടി.

 വളാ... വളാ സംസാരം. ആറടിയുള്ള തമിഴ്‌ സഹപാഠികള്‍ ആറിഞ്ചുള്ള ഞാഞ്ഞൂലുകളെ പോലെ തോന്നി.

കോളേജില്‍ തിരിച്ചെത്തി.

ഉച്ച തിരിഞ്ഞു ആദ്യ പിരീഡ് മലയാളം. കോളേജില്‍ മലയാളത്തിന് മൊത്തം മൂന്നു പേര്‍. എല്ലാപേരും  ആണുങ്ങള്. ഒരു ബോറന്‍ ചാണ്ടി മാഷ്‌. അതേ സമയം തമിഴ്‌ കുട്ടികള്‍ക്ക് തമിഴ്‌ ക്ലാസ്സ്‌. അവിടെ നിറയെ പെണ്‍കുട്ടികള്‍.

ജോളി........ജോളി.

കള്ളടിച്ചവന് കോളേജ്‌ സ്വന്തം അപ്പന്‍റെ വക.

രമേശന്‍ പറഞ്ഞു, “ ഡാ, ഞാന്‍ ഇന്ന് തമിഴ്‌ ക്ലാസ്സില്‍ വരാം.
കള്ളടിച്ചു കിന്‍റ് ആയ  രമേശനെയും പൊക്കി അവര്‍ തമിഴ്‌ ക്ലാസ്സില്‍ പോയി.

ലക്ചറര്‍ വന്നു, തമിഴ്ശെല്‍വി, മാടം.

അവര്‍ ഒരുത്തനോടു നാല് വരി വായിക്കാന്‍ പറഞ്ഞു.

“ കറുപ്പ് വളയല്‍ കയ്യുടന്‍ ഒരുത്തി
കുനിന്തു വലൈന്തു പെരുക്കി പോനാള്‍
വാസല്‍ സുത്തമാച്ചു
മനസ്സ് കുപ്പയാച്ചു.”

അവര്‍ രമേശനെ നോക്കി, “ഡേയ്, ഇതനോട, പൊരുള്‍ വിളക്കെടാ” (അര്‍ഥം പറയെടോ)

രമേശന്‍ എണീറ്റു.

കൂടെയുള്ളവര്‍ അടക്കിപ്പിടിച്ച് ചിരിക്കാന്‍ തുടങ്ങി.
“അത് വന്ത്, മാടം......”

“ശോല്ലെടാ, സോമ്പേരി” (പറയെടോ, മടയാ)

“ കറുത്ത വള പോട്ട....ഒരു പെണ്ണുമ്പിള്ള, വാതിലില് വന്താച്ച്...അവ... എന്നവോ ഗുണിച്ചു പാത്താച്ചു.......പേപ്പര്‍ എല്ലാം ദൂരെ പോട്ട് വാസല്‍ സുത്തമാക്കി. ഉത്തരം കിടക്കാമ അവ മനസില അന്ത ചോദ്യം ഒരു കുപ്പ മാതിരി കിടന്ത്.”

പൊട്ടിച്ചിരിയില്‍ ക്ലാസ്സ്‌ പ്രകമ്പനം കൊണ്ടു.

രമേശന് മനസ്സിലായില്ല, എന്താ അബദ്ധം എന്ന്.

“എന്നാടാ, ഉനക്ക് പൈത്തിയമാടാ?” (നിനക്ക് ഭ്രാന്താണോ?)

ഒരാള്‍ എണീറ്റു പറഞ്ഞു, “ അവന്‍ മലൈയാളത്താന്‍”

“അപ്പടിയാട, ഉക്കാര്...തമിഴ്‌ ക്ലസ്സുക്ക് വന്തത നെനച്ചു നാന്‍ പെരുമപ്പെടുരേന്‍”

(തമിഴ്‌ ക്ലാസ്സില്‍ വന്നതോര്‍ത്ത് നിന്നെക്കുറിച്ചു ഞാന്‍ അഭിമാനിക്കുന്നു)

യഥാര്‍ത്ഥ അര്‍ഥം അറിയണ്ടേ?

“ കറുത്ത വളയിട്ട ഒരു സുന്ദരി കുനിഞ്ഞു വാതില്‍ ചൂലുകൊണ്ട് വൃത്തിയാക്കി.  കുനിഞ്ഞു വൃത്തിയാക്കുന്ന സുന്ദരിയെ നോക്കി കൊണ്ടു നിന്നവന്‍റെ മനസ്സ് മലിന ചിന്തകളാല്‍ വൃത്തികേടായി.”

Saturday, November 26, 2011

അല്പം ബുദ്ധി പരീക്ഷിക്കാം

സ്കൂളില്‍ പഠിക്കുമ്പോള്‍ ഇടവേളകളില്‍ ചോദിക്കുന്ന ബുദ്ധിയും കുസൃതിയും ഇടകലര്‍ന്ന ചില ചോദ്യങ്ങള്‍ ഓര്‍ത്തെടുത്ത് ഇവിടെ ചോദിക്കുന്നു.

1. അഞ്ചു വളയങ്ങള്‍. അത് ഒരു ചങ്ങലയില്‍ എന്ന പോലെ യോജിപ്പിക്കണം. ചുരുങ്ങിയത് എത്ര വളയങ്ങള്‍ പൊട്ടിക്കണം?

2. കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കരുത്. സമയം പത്തു സെക്കന്‍ഡ്‌. ആദ്യത്തെ അഞ്ചു പൂര്‍ണ്ണ സംഖ്യകളുടെ ഗുണനഫലം എത്ര?

3. നാലു ഒന്ന് ഉപയോഗിച്ച് എഴുതാവുന്ന വല്യ സംഖ്യ 〖11〗^11 ( 11 tothe power 11 or 11 raised to 11) ആണെങ്കില്‍ നാല് രണ്ട് ഉപയോഗിച്ച് എഴുതാവുന്ന ഏറ്റവും വല്യ സംഖ്യ ഏത്?

4. പൂജ്യം മുതല്‍ ഒമ്പത് വരെയുള്ള സംഖ്യകള്‍ ഒറ്റപ്രാവശ്യം മാത്രം ഉപയോഗിച്ച് “ഒന്ന്” കൊണ്ടുവരാമോ? ( +, -, ÷, × ഇവ ഉപയോഗിക്കരുത്.)

5. ഒരു സമചതുരാകൃതിയില്‍ ഉള്ള കുളം. അതിന്‍റെ നാല് മുക്കിലും നാല് വൃക്ഷങ്ങള്‍. ആ കുളം വലുതാക്കണം. അത് സമചതുരാകൃതിയില്‍ തന്നെ വേണം. വൃക്ഷങ്ങള്‍ കുളത്തിന്‍റെ ഉള്ളിലാകാന്‍ പാടില്ല.




6. “A” എന്ന അക്ഷരം ഉപയോഗിക്കാത്ത നൂറ് ഇംഗ്ലീഷ് വാക്കുകള്‍ പെട്ടെന്ന് പറയാമോ?

7. 3 ---- = 6 . ഈ ടാഷില്‍ ഒരു അക്കമോ അടയാളമോ ഉപയോഗിച്ച് സമവാക്യം ശരിയാക്കാമോ? ഒറ്റ അടയാളം അല്ലെങ്കില്‍ ഒറ്റ നമ്പര്‍.

8. ഇന്ത്യാ-പാക്‌ അതിര്‍ത്തിയില്‍ ഒരു കാള. തല ഭാഗം ഇന്ത്യയില്‍ . വാല്‍ ഭാഗം പാകിസ്ഥാനില്‍. പുല്ലും വയ്ക്കോലും വെള്ളവും ഇന്ത്യാക്കാരന്‍ കൊടുക്കണം. പാകിസ്ഥാന്‍കാരന്‍ ചാണകമൊക്കെ മാറ്റി, വൃത്തിയാക്കി പരിപാലിക്കുന്നു. അപ്പോള്‍ പാല് ആര്‍ക്കാണ്? ഇന്ത്യാക്കാരനോ? പാകിസ്ഥാന്‍കാരനോ?

9. 2012-ഇല്‍ എത്ര മാസങ്ങള്‍ക്ക് ഇരുപത്തിയെട്ട് ദിവസങ്ങള്‍ ഉണ്ട്?

10. ഒരാള്‍ കൊച്ചിയില്‍ നിന്ന് യാത്ര തിരിക്കുന്നു. ആയിരം കിലോമീറ്റര്‍ തെക്കോട്ട്. പിന്നെ ആയിരം കിലോമീറ്റര്‍ കിഴക്കോട്ട്. വീണ്ടും ആയിരം കിലോമീറ്റര്‍ വടക്കോട്ട്. വീണ്ടും ആയിരം കിലോമീറ്റര്‍ പടിഞ്ഞാറോട്ട്. അയാള്‍ പുറപ്പെട്ട സ്ഥലത്തല്ല എത്തിച്ചേരുക. എന്തുകൊണ്ട്?


ശ്രദ്ധിക്കുക:- ഉത്തരങ്ങള്‍ കമന്‍റില്‍ ഉണ്ട്.

അഞ്ചാമത്തെ ചോദ്യത്തിന്‍റെ ഉത്തരം :


Monday, November 21, 2011

മോനെ, കമ്പ്യൂട്ടര്‍ തല തിരിഞ്ഞെടാ!!!!

സന്ദീപും രമേഷും ആ കമ്പനിയില്‍ അസ്സി. മാനേജര്‍( സിസ്റ്റം ) ആയി ചാര്‍ജ്‌ എടുക്കുമ്പോള്‍ സ്വപ്നത്തില്‍ കൂടി വിചാരിച്ചിരുന്നില്ല, കരുണാകരന്‍ പിള്ള എന്ന കുരിശു അവരെ കാത്തിരിപ്പുണ്ടെന്ന്.

അന്നേ ദിവസം തന്നെ പതിനൊന്നു മണിക്കുള്ള ശുഭ മുഹൂര്‍ത്തത്തില്‍ കാതില്‍ പൂടയുള്ള ഒരു ഒരാള്‍ കമ്പ്യൂട്ടര്‍ റൂമില്‍ ഹാജരായി.

“മക്കളെ, ഞാന്‍ കരുണാകരന്‍ പിള്ള. ഫോര്‍മാന്‍. 30 വര്‍ഷമായി ഇവിടെ. മെക്കാനിക്കായി ചേര്‍ന്നതാ. ഇനി ഒരു വര്‍ഷം കൂടെ ഉണ്ട്.”

കരുണാകരന്‍ പിള്ളക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല. കമ്പ്യൂട്ടര്‍ റൂം എ.സി. ആയതിനാല്‍ അയാളുടെ സ്ഥിരം ഇരിപ്പിടം അവിടാക്കി.

കുറെക്കഴിഞ്ഞപ്പോഴാണ്, അസ്സി. മാനേജര്‍( സിസ്റ്റം ) വല്യ ചാമിംഗ് ഇല്ലാത്ത പണിയാണെന്ന് സന്ദീപിനും രമേഷിനും മനസ്സിലായത്‌. പ്രോഗ്രാം തൊട്ടു എല്ലാ ഹാര്‍ഡ്‌വെയര്‍ പണികളും സ്വയം ചെയ്യണം. സി.ആര്‍.ടി. മോണിറ്റര്‍ സെക്ഷനില്‍ നിന്ന് തലച്ചുമടായി കമ്പ്യൂട്ടര്‍ റൂമില്‍ കൊണ്ട് വന്നു റിപ്പയര്‍ ചെയ്യണം. ആഴ്ചതോറും വാക്യൂം ക്ലീനര്‍ ഉപയോഗിച്ച് സി.പി.യു. വൃത്തിയാക്കണം.

കരുണാകരന്‍ പിള്ള കമ്പ്യൂട്ടര്‍ റൂമിന്റെ കാവല്‍ക്കാരനായി.

അപ്പോഴാണ് ആ അത്യാഹിതം സംഭവിച്ചത്. ഒരു ഡെപ്യൂട്ടി. മാനേജര്‍ (പ്രൊഡക്ഷന്‍) പോസ്റ്റ്‌, പ്രമോഷനിനൂടെ നികത്തണമെന്ന തൊഴിലാളികളുടെ ദീര്‍ഘകാല ആവശ്യം മാനേജ്‌മന്‍റ് അംഗീകരിച്ചത്.

നറുക്ക് വീണത്‌ കരുണാകരന്‍ പിള്ളക്ക്.

ഒരു സ്റ്റോര്‍ റൂം വൃത്തിയാക്കി അതില്‍ വെണ്ടയ്ക്കാ ബോഡും വച്ച് കരുണാകരന്‍പിള്ളയെ കുടിയിരുത്തി.

അര്‍ഹാതയില്ലത്തവന് അംഗീകാരം കിട്ടിയാല്‍ അഹങ്കാരത്തിന്‍റെ ആറാട്ടായിരിക്കും എന്നതിന് പുള്ളി ഉത്തമോദാഹരണമായി.
................................................................................

ലീലാ വിലാസം. ഒന്ന്


ഫോണ്‍ ബെല്‍ ശബ്ദിച്ചു.

“ഹലോ”

“കോന്‍ ബോല്‍ രഹാ, ഹൈ?”

“സന്ദീപ്‌ , സാര്‍”

“ഡെപ്യൂട്ടി. മാനേജര്‍, പ്രൊഡക്ഷന്‍ ഹിയര്‍...പ്ലീസ്‌ കം”

ഇന്നലവരെ കടിച്ചു തൂങ്ങി ഇവിടിരുന്ന് ഉറക്കം തൂങ്ങിയ കരുണാകരന്‍ പിള്ള.

“ഡാ, രമേഷേ, ആ കരുണാകരന്‍ പിള്ള വിളിക്കുന്നു. ഞാന്‍ പോയിട്ട് വരാം.”
സന്ദീപ്‌ അകത്തു കടന്നു , “ എന്താ ചേട്ടാ, വിളിച്ചത്”

കരുണാകരന്‍ പിള്ള തുറിച്ചു നോക്കി. ആ വിളി ഇഷ്ടമായിട്ടില്ല.

“ സാര്‍, പ്ലീസ്‌ എന്താ കാര്യം?”

കരുന്നകാരന്‍ പിള്ള അവനെ അഭിനന്ദിക്കും മട്ടില്‍ ഒന്ന് ചിരിച്ചു. ഇവന് ബുദ്ധിയുണ്ട് , കാര്യം പെട്ടന്ന് മനസ്സിലാക്കിയത് കണ്ടില്ലേ?

“എടാ, എന്‍റെ ഇന്നലെ വാങ്ങിയ മൊബൈലില്‍ സമയം തെറ്റായി കാണിക്കുന്നു. നീ ബി. എസ്. എന്‍. എല്ലിന്‍റെ കസ്റ്റമര്‍ കെയറില്‍ വിളിച്ചു ശരിയാക്കിത്തരാന്‍ പറ.”

സന്ദീപ്‌ ഞെട്ടി. സ്വന്തം ഫോണില്‍ സമയം സെറ്റ്‌ ചെയ്യാന്‍ അറിയാത്ത പൊട്ടന്‍ കൊണാപ്പന്‍.

“ഇപ്പോ വിളിച്ചു പറയാം, സാര്‍. എന്തായാലും ഫോണ് എന്‍റെ കയ്യില്‍ ഒന്ന് തന്നേ, ശരിയായാല്‍ ഉടന്‍ കൊണ്ട് വരാം.”

കമ്പ്യൂട്ടര്‍ റൂമിലെത്തി.

“ ഡാ, സന്ദീപ്‌ എന്താടാ മുഖത്ത് ഒരു ചിരി”

“ ഡാ, ആ കരുണാകരന്‍ പിള്ളയുടെ മൊബൈലിലെ സമയം കസ്റ്റമര്‍ കെയറില്‍ വിളിച്ചു ശരിയാക്കണം പോലും, ആ പൊട്ടന്റെ വിചാരം, ടി. വിയില്‍ സമയം എഴുതി കാണിക്കുന്നത് പോലെയാ മൊബൈലിലെന്നാ.”

വൈകുന്നേരം വരെ ഫോണ്‍ കയ്യില്‍ വച്ച് ശരിയാക്കി തിരിക്കൊടുത്തു.
................................................................................................
ലീലാവിലാസം 2

ഫോണ്‍ ബെല്‍ ശബ്ദിച്ചു.

“ഹലോ”

“കോന്‍ ബോല്‍ രഹാ, ഹൈ?”

“സന്ദീപ്‌ , സാര്‍”

“ഡെപ്യൂട്ടി. മാനേജര്‍ടെ, പ്രൊഡക്ഷന്‍ ഹിയര്‍...പ്ലീസ്‌ കം”

“എടാ, എന്‍റെ മൊബൈലില്‍ ശബ്ദം ബ്രേക്ക്‌ ആകുന്നു. ഒരു എരിയല്‍ കെട്ടിയാലോ?”

സന്ദീപ്‌ മനസ്സില്‍ പിറുപിറുത്തു,” നീ ഏലിയാനാടാ, അതാ പ്രശ്നം.”

“ഇല്ല, സാര്‍ അത് കൊണ്ട് ശരിയാവില്ല.”

കരുണാകരന്‍ പിള്ള സ്വയം ഒരു വഴി കണ്ടു പിടിച്ചു. ഫോണ്‍ വരുമ്പോള്‍ ബെല്ലടിച്ചു പ്യൂണിനെ വരുത്തും. കതകു തുറന്നു പിടിക്കും. സംസാരിച്ച ശേഷം അടപ്പിക്കും. ഒരു പ്രയോജനവുമില്ലെങ്കിലും അത് അയ്യാള്‍ തുടര്‍ന്നു.

ഇത് കണ്ട സന്ദീപ്‌ രമേഷിനോട് പറഞ്ഞു, “ ആ നാറിയുടെ വിചാരം , മേ ഐ കം ഇന്‍ സാര്‍ എന്ന് ചോദിച്ചു, സിഗ്നല്‍ അയാളുടെ കതകില്‍ മുട്ടി വിളിക്കുകയാണത്രേ, കതകു തുറന്നുതും ഓടിച്ചെല്ലാന്‍”
...............................................................................................

കരുണാകരന്‍ പിള്ളക്കിട്ടു ഒരു പണി:


കമ്പ്യൂട്ടറിന്റെ എ.ബി.സി.ഡി. അറിയാത്ത പിള്ളക്ക് ഒരു കമ്പ്യൂട്ടര്‍ വേണം. കുറെ നാളായി ശല്യം. ഒരു കമ്പ്യൂട്ടര്‍ മേശപ്പുറത്തില്ലെങ്കില്‍ ഡെപ്യൂട്ടി. മാനേജര്‍ക്ക് എന്ത് ഗമ? കുറെ നാളായി, അവരുടെ പുറകെ കൂടി. അവസാനം ഒരു കണ്ടം ചെയ്യാറായ ഒരു തല്ലിപ്പൊളി കമ്പ്യൂട്ടര്‍ സംഘടിപ്പിച്ചു കൊടുത്തു.

അന്ന് തൊട്ടു സന്ദീപിനും രമേഷിനും ഉള്ള സ്വസ്ഥത കൂടെ പോയി. ലോഗ് ഓണ്‍ ചെയ്യാനും ഓഫ്‌ ചെയ്യാനും കൂടെ അറിയില്ല. ഓരോ 5 മിനിറ്റില്‍ ഓരോ കാള്‍.

തല പുകഞ്ഞാലോചിച്ചു, ഇനി അത് പൊക്കാന്‍ എന്താ വഴി.

രമേഷ് പറഞ്ഞു,” ഡാ, നമുക്ക് രണ്ടുപേര്‍ക്കും കൂടെ പുള്ളിയുടെ റൂമില്‍ പോകാം. നീ സംസാരിച്ചു കൊണ്ടേ ഇരിക്കണം ഞാന്‍ കമ്പ്യൂട്ടറില്‍ ചെയ്യുന്നത് പുള്ളി ശ്രദ്ദിക്കരുത്. എറ്റോ?

“ ഏറ്റു.”

അവര്‍ പിള്ളയുടെ റൂമിലെത്തി.

“ സാറേ, സാറ് വന്ന ശേഷമാ, പ്രൊഡക്ഷന്‍ വിംഗ് ഒന്ന് ഉഷാറായത്. സാറിനെ സമ്മതിക്കണം.” സന്ദീപ്‌ പുകഴ്ത്തല്‍ തുടര്‍ന്നു കൊണ്ടേ ഇരുന്നു.

രമേഷ് പതുക്കെ കീ ബോഡ് തിരിച്ചു അടുത്ത് വച്ച് “ CTRL + ALT + DOWNWARD ARROW" ഞെക്കി.
സന്ദീപിനെ തോണ്ടി, നോക്കിയപ്പോള്‍ ഓ.ക. എന്നാ രീതിയില്‍ ഒന്ന് കണ്ണടിച്ചു.

“ അപ്പൊ പോട്ടെ, സാറേ?”

കമ്പ്യൂട്ടര്‍ റൂമിലെത്തി അഞ്ചു മിനിറ്റ്‌ കഴിഞ്ഞതും ഫോണ്‍

“ മോനെ, കരുണാകരന്‍ പിള്ളയാടാ”

( നാറി, ഇപ്പ്രാവശ്യം അവന്റെ ഡസിഗ്നേഷന്‍ പറഞ്ഞില്ല)

“ എന്റെ കമ്പ്യൂട്ടര്‍ തലതിരിഞ്ഞെടാ”

“ എന്താ, സാറേ മനസ്സിലാകുന്നില്ല? ഞങ്ങള്‍ ഇങ്ങനെ ഒരു കാര്യം ഇതുവരെ കണ്ടിട്ടില്ല.”

സന്ദീപും രമേഷും പിള്ളയുടെ റൂമിലെത്തി. മുഖത്ത് അത്ഭുതവും ദുഖവും അവര്‍ വരുത്തി
“ സാറേ , അമ്പതിനായിരം രൂപയുടെ സാധനമാ, സത്യത്തില്‍ സാറ് എന്താ ചെയ്തത്?”

“ സത്യമായിട്ടും മക്കളെ, ഞാന്‍ ഒന്നും ചെയ്തില്ല.”


“ അല്ല സാറേ, സാറ് അറിയാതെ എന്തൊക്കെയോ ഞെക്കി. അല്ലാതെ ഇങ്ങനെ വരില്ല. ചിലപ്പോള്‍ ശരിയക്കാനെ പറ്റില്ല, ശരിയാക്കണമെങ്കില്‍ ഒരു മുപ്പതിനായിരമെങ്കിലും ആകും”

പിള്ളയുടെ നാക്ക്‌ അണ്ണാക്കില്‍ കയറി,“ ഇനി എന്ത് ചെയ്യാം?”

“ സാറ്, ആരോടും മിണ്ടണ്ട, ഞങ്ങള്‍ മാറ്റി തരാം, പക്ഷെ ചെലവ് ചെയ്യണം..സമ്മതിച്ചോ?”

“ഏറ്റൂന്നേ”

പിള്ള പിന്നെ റിട്ടയര്‍ ആകുന്നതു വരെ കമ്പ്യൂട്ടര്‍ ചോദിച്ചില്ല. കാണുമ്പൊള്‍ ആരോടും പറയരുത് എന്ന് ഇടയ്ക്കിടെ ഓര്‍മിപ്പിക്കുമായിരുന്നു.

Saturday, November 19, 2011

രണ്ടു അധ്യാപികമാര്‍

അധ്യാപിക ഒന്ന്: രംഗം : ഒന്ന്

ഒരു ബി.എട് കോളേജിലെ ഒരു ക്ലാസ്സ്‌ റൂം.

പുതിയ അധ്യയന വര്‍ഷത്തിലെ ആദ്യ ദിവസം.

ഒരു വിദ്യാര്‍ഥി വളരെ ലേറ്റ് ആയി ക്ലാസ്സില്‍ എത്തുന്നു. വാതില്‍ക്കല്‍ തല കാണിച്ചു അങ്ങനെ നില്‍ക്കുന്നു. ക്ലാസ്സില്‍ ഒരു പൊട്ടിച്ചിരി. അധ്യാപിക വാതില്‍ക്കല്‍ നോക്കുന്നു. ആ കുട്ടിയോട് അകത്തു വരാന്‍ പറയുന്നു.

ഈ രംഗം തുടര്‍ന്നുള്ള മൂന്നു ദിവസവും ആവര്‍ത്തിക്കുന്നു. മൂന്നാം നാള്‍ ക്ലാസ്സ്‌ തീര്‍ന്നപ്പോള്‍ ആ അധ്യാപിക വിദ്യാര്‍ഥിയുടെ തോളില്‍ തട്ടി, “പ്ലീസ്‌ കം വിത്ത്‌ മി ടു ദ സ്റ്റാഫ്‌ റൂം”.

“എന്താ, എന്നും ലേറ്റ്, മറ്റു കുട്ടികളെ ചിരിപ്പിക്കാനാണോ?”

“അല്ല, മാം.”

“പിന്നെ?”

“അത്....അത്......”

“എന്തായാലും പറയു”

“മാം, എന്‍റെ പഠനച്ചെലവ് വീട്ടില്‍ നിന്നും തരുന്നില്ല, ഞാന്‍ വീണ്ടും പഠിക്കുന്നതിനോട് വീട്ടില്‍ ആര്‍ക്കും യോജിപ്പില്ല, എന്തെങ്കിലും പണിക്കു പോകാന്‍ പറയുന്നു. എനിക്ക് ഒരു അധ്യാപകനാകണം. പഠനച്ചെലവിനു ഞാന്‍ ട്യൂഷന്‍ എടുക്കുന്നു. ട്യൂഷന്‍ എടുത്തിട്ട് എത്തുമ്പോള്‍ ലേറ്റ് ആകുന്നതാണ്.”

“ വീട്ടുകാര്‍ക്ക് പഠനച്ചെലവ് തരാന്‍ പ്രാപ്തി ഉണ്ടോ?”

“ അച്ഛന്‍ കുടിക്കുന്നതില്‍ പകുതി കിട്ടിയാല്‍ മതി, എനിക്ക് പഠിക്കാന്‍. പക്ഷെ തരില്ല. മൂത്ത സഹോദരങ്ങള്‍ ചെലവിനു കൊടുക്കുന്നു, ഞാന്‍ ജോലി ചെയ്താല്‍ അവരുടെ ഷെയര്‍ കുറക്കാം. അതിനാലാണ് ആര്‍ക്കും ഞാന്‍ ഇവിടെ പഠിക്കുന്നതിനോട് താല്പര്യം ഇല്ലാത്തത് “

“സാരമില്ല, ലേറ്റ് ആയി വന്നോളു.”, അധ്യാപിക തോളില്‍ തട്ടി പോകാന്‍ ആംഗ്യം കാണിച്ചു.
തന്നെക്കാള്‍ മൂന്നോ നാലോ വയസ്സ് കൂടുതലുള്ള ആ അധ്യാപികയില്‍ അവന്‍ ഒരു നല്ല അമ്മയെ കണ്ടു. കണ്ണുകള്‍ നിറഞ്ഞു പോയി.

രംഗം : രണ്ട്

പ്രാക്ടിക്കല്‍ എക്സാം.

ആദ്യ ദിവസം ടീച്ചിംഗ് എയ്ടുകളുടെ പ്രദര്‍ശനം.

കാശ് വളരെ ചിലവാക്കി ഉണ്ടാക്കിയ എയ്ടുകളുമായി മറ്റുള്ളവര്‍. തുച്ചമായ തുകക്ക് കാര്‍ഡ്‌ബോഡില്‍ തട്ടിക്കൂട്ടിയ എയ്ടുമായി ഈ വിദ്യാര്‍ഥി. ഡിരക്ടരുടെ പരിശോധന.

അദ്ദേഹം പുച്ഛത്തില്‍ ഒന്ന് നോക്കി. മാര്‍ക്ക്‌ ഇട്ടു പോയി. അധ്യാപിക വിദ്യാര്‍ഥിയുടെ അരികില്‍ എത്തി.

“മാര്‍ക്ക്‌, തീരെ കുറവാണ് കേട്ടോ, പ്രാക്ടിക്കലിന് ക്ലാസ്സ്‌ കിട്ടാന്‍ ഇനി കഷ്ടമാണ്”
രംഗം : മൂന്ന്

പ്രാക്ടിക്കല്‍ പരീക്ഷ. വിദ്യാര്‍ഥിക്ക് കിട്ടിയ പാഠം “താപം” ക്ലാസ്സ്‌, ഏഴ്.

കുട്ടികളുടെ കൈകള്‍ തമ്മിലുരസി ചൂടുണ്ടാക്കി അവര്‍ക്ക് ഘര്‍ഷണം കൊണ്ട് തപമുണ്ടാക്കുന്നത് പറഞ്ഞു കൊടുത്തു.

അടുത്തത് താപമാനിയുടെ ആവശ്യം പറഞ്ഞു കൊടുക്കണം.

“കുട്ടികളെ, ആരുടെ വീട്ടിലൊക്കെ മുത്തശ്ശി ഉണ്ട്?”

കുറേപ്പേര്‍ കയ്യുയര്‍ത്തി.

“അവരൊക്കെ ചൂടു വെള്ളത്തിലാണോ കുളിക്കുക?”

വീണ്ടും കുറേപ്പേര്‍ കയ്യുയര്‍ത്തി.

“ ആ വെള്ളത്തില്‍ തൊട്ടിട്ടുണ്ടോ”

“ അതെ”

അതിലൊരാരളിനോട് ചോദിച്ചു. “ അത് എത്രയാ ചൂട്?”

“ ഭയങ്കര ചൂട് “

“മുത്തശ്ശിയും അങ്ങനാണോ പറയുക?"

“അല്ല.”

പിന്നെ?”

“പച്ചവെള്ളം പോലെ ഇരിക്കുന്നു”

“ ഇതില്‍ നിന്നും നമുക്ക് മനസ്സിലാകുന്നത് ചൂട് ഓരോരുത്തര്‍ക്കും അനുഭവപ്പെടുന്നത്, വ്യത്യസ്ത തരത്തിലാണ്. അതിനാല്‍ താപം അളക്കുവാന്‍ ഒരുപകരണം വേണം, അതാണ്‌ താപമാപിനി.”
താപമാപിനിയെ കുറിച്ച് പഠിപ്പിച്ചു, ചോദ്യങ്ങള്‍ കേട്ട്, ഒരു ആവര്‍ത്തനം നല്‍കി ക്ലാസ്സ്‌ അവസാനിപ്പിച്ചു.

ട്യൂഷന്‍ വയിറ്റ് പിഴപ്പാക്കിയ ആ വിദ്യാര്‍ഥിക്ക് പഠിപ്പിക്കല്‍ വളരെ ലഘുവായിരുന്നു.

മാര്‍ക്ക് ഇടാന്‍ വന്നത് അതെ അധ്യാപിക.

“ കണ്‍ഗ്രാട്സ്, നന്നായി പ്രാക്ടിക്കലിന് ക്ലാസ്സ്‌ ഉറപ്പാ.”

മാര്‍ക്ക്‌ ലിസ്റ്റ്‌ ഡിരക്ടരുടെ അടുത്തെത്തി.

“ ഇട്സ്, ഇമ്പോസ്സിബിള്‍, ഹൌ ഡെയര്‍ സച് എ ഹൈ മാര്‍ക്ക്‌ വാസ്‌ റിവാര്‍ടെഡ് ഇന്‍ പ്രാക്ടിക്കല്‍സ്?”

“ ഹി ഡിസെര്‍വ്, സാര്‍”

“ലെറ്റ്‌, മി സീ ഹിസ്‌ ക്ലാസ്സ്‌”

ആ ക്ലാസ്സ്‌ ഒന്ന് കൂടി ആവര്‍ത്തിക്കപ്പെട്ടു. അദ്ദേഹം ക്ലാസ്സ്‌ കഴിഞ്ഞ്, ആ വിദ്യാര്‍ഥിക്ക് കൈ കൊടുത്തു, “ വെല്‍ ഡോണ്‍”

................................................................................................

അദ്ധ്യാപിക : രണ്ട്

ചില അധ്യാപികമാരുണ്ട്. ഒരു കാരണവുമില്ലാതെ, ചില വിദ്യാര്‍ഥികളോട് വെറുപ്പ്‌ കാണിക്കും. ചിലരോട് സ്നേഹവും. ജാതി, മത, ഭാഷാ പരിഗണനകള്‍ മറികടക്കാനാകാത്ത ചിലര്‍.
അങ്ങനെയുള്ള ഒരു അധ്യാപിക.

രംഗം: ഫിസിക്സ് ലാബ്‌.

ഫൈനല്‍ പ്രാക്ടിക്കല്‍ ഏക്സാമിന്റെ നറുക്കെടുപ്പ്. ഈ വിദ്യാര്‍ഥിക്ക് കിട്ടുന്ന പരീക്ഷണത്തിന്‌ അമ്മീറ്റര്‍ (കറന്റ് അളക്കുന്ന ഉപകരണം) വേണം. നോക്കിയപ്പോള്‍ നന്നായി വര്‍ക്ക് ചെയ്യുന്നത് ഇല്ല. വോള്‍ട്ട് മീറ്റര്‍ ഉണ്ട്. അതിനെ അമ്മീറ്റര്‍ ആക്കി മാറ്റാന്‍ വിദ്യാര്‍ഥിക്ക് അറിയാം. കോളേജില്‍ ഉപയോഗിക്കാത്ത സര്‍ക്യൂട്ട് വരയ്ക്കണം. അല്പം ടേബിള്‍ മാറ്റണം. ഒരു റെസിസ്ടര്‍ ഉപയോഗിച്ച് വോള്‍ട്ട് മീറ്ററിനെ അമ്മീറ്ററാക്കാം.

വിദ്യാര്‍ഥി പുതിയ സര്‍ക്യൂട്ട് വരച്ചു.

എല്ലാം കണക്ട് ചെയ്തു.

വെരിഫിക്കഷന് അധ്യാപിക എത്തി

“ എന്താ, ഇത് വരച്ചു വച്ചിരിക്കുന്നത്?”

“ ശരിയാണ് മാം, ഇവിടെ ഉള്ള അമ്മീറ്റര്‍ പ്രോപ്പറായി വര്‍ക്ക്‌ ചെയ്യുന്നില്ല. അത് കൊണ്ട് സര്‍ക്യൂട്ട് മാറ്റി.”

“ ഉള്ളത്, എടുത്തു ഫിറ്റ്‌ ചെയ്യ്, റീഡിംഗ് എടുക്കണ്ട, ഗ്രാഫ് കിട്ടാന്‍ സ്വയം റീഡിംഗ് ഇട്ട്, മാനിപുലേറ്റ് ചെയ്”

“ഇല്ല മാം, എനിക്ക് ടേബിള്‍ തീരെ ഓര്‍മ്മയില്ല. അല്പം എങ്കിലും അറിയാമെന്കില്‍ അല്ലെ , മാനിപുലേറ്റ്, ചെയ്യാനാകൂ, എനിക്കുറപ്പുണ്ട്, ഗ്രാഫ് കൃത്യമായി വരും.”

അധ്യാപിക ചുവന്ന പെന്‍ കൊണ്ട് ചിത്രത്തില്‍ വല്യൊരു “X” വരച്ചു.

വിദ്യാര്‍ഥി മുട്ടുകുത്തി ,”പ്ലീസ്‌, മാം എന്നെ പ്രാക്ടിക്കല്‍ ചെയ്യാന്‍ അനുവദിക്കൂ”

അധ്യാപിക പേപ്പര്‍ വലിച്ചെടുത്തു. മുകളില്‍ 0/80 എന്ന് മാര്‍ക്കിട്ടു.

“ആര്‍ യു ഹാപ്പി?”

വിദ്യാര്‍ഥിക്ക് തല ചുറ്റി. ഇതുവരെ തോറ്റിട്ടില്ല. കഴിഞ്ഞ പത്ത് പ്രക്ടിക്കലിനും ഫുള്‍ മാര്‍ക്ക്‌.

നിയന്ത്രണം വിട്ടു പൊട്ടിത്തെറിച്ചു.

“ നിങ്ങളുടെ വിവരക്കേടിന്, എന്റെ ജീവിതം നശിപ്പിക്കരുത്, പ്ലീസ്‌....”

ശബ്ദം ഉച്ചത്തിലായിരുന്നു. എച്ച്.ഒ.ഡി. ഓടി എത്തി.

“എന്താ?, നിനക്ക് എന്താ വേണ്ടത്?”

അവന്‍ ഡയഗ്രം കാണിച്ചു കൊടുത്തു.

“ ഇട്സ് പെര്‍ഫക്റ്റ്ലി കറക്റ്റ്‌ , യു കാരി ഓണ്‍”

അവന്‍ പ്രാക്ടിക്കല്‍ തുടര്‍ന്നു. അധ്യാപിക അടുത്ത് വന്നു പല്ലുരുമ്മി, “യു, റാസ്കാല്‍, യു ഹുമിലിയേറ്റഡ് മി? നീ ജയിച്ചൂന്നു, കരുതണ്ട, എന്നെങ്കിലും എന്റെ കയ്യില്‍ കിട്ടും”

Friday, November 18, 2011

സെക്സുവല്‍ ഡയമോര്‍ഫിസം

ഇത് നടന്ന കഥ ആണ് കേട്ടോ.

പണ്ട് ഹയര്‍ സെക്കണ്ടറിയില്‍ പഠിക്കുന്ന കാലം.

ബയോളജി അദ്ധ്യാപകന്‍ ക്രിസ്തുമസ് പരീക്ഷയുടെ ഉത്തരകടലാസുമായി എത്തി . ആരാടാ ഈ രാധാകൃഷ്ണന്‍?

“ഫങ്ക്” വളര്‍ത്തിയ പുറംതല ഇടങ്കയ്യാല്‍ തടവി, എത്തിനോക്കുന്ന കിളുന്തു രോമമുള്ള “റ” മീശ വലങ്കയ്യാല്‍ തടവി രാധാകൃഷ്ണന്‍ എണീറ്റു.

അദ്ധ്യാപകന്‍ അരികിലെത്തി, ” എടാ, ചോദ്യം സെക്ഷന്‍ III, B, 12 എന്താടാ?

ബാഗു തുറന്നു രാധാകൃഷ്ണന്‍ ചോദ്യ പേപ്പര്‍ എടുത്തു.

“ ഡിസ്ക്രൈബ് ഓണ്‍ ഡി സെക്സുവല്‍ ഡയമോര്‍ഫിസം ഓഫ് ഫ്രോഗ്”

അദ്ധ്യാപകന്‍ വായിക്കാന്‍ തുടങ്ങി
“The man frog is called male frog. The lady frog is called female frog.”

പേപ്പര്‍ എടുത്തു ആണ്‍കുട്ടികളുടെ ഇടയിലേക്ക് ഒറ്റ ഏറ്, “ ഇത് ഫ്രോഗിന്റെ അല്ല, നിന്‍റെ ആമ്മാവന്റെ ഡയമോര്‍ഫിസം”

ഞങ്ങള്‍ ആകാംഷയോടെ പേപ്പര്‍ എടുത്തു നോക്കി. വായിച്ചു തുടങ്ങിയപ്പോഴാണ് സാറ് പറഞ്ഞതിന്‍റെ അര്‍ഥം മനസ്സിലായത്.

There is a lady frog. She sits on the floor. A man frog came near to her. The man frog jumped over the lady frog………………………… ………………………………………………………………………

എല്ലാം പുള്ളി വ്യക്തമായി എഴുതി വച്ചിട്ടുണ്ട്.

ക്ലാസ്സില്‍ പൊട്ടിച്ചിരി മുഴങ്ങി. ആണ്‍കുട്ടികളുടെ കൈകളിലൂടെ ഉത്തര കടലാസ് മാറി മാറി പോയി.
പെണ്‍കുട്ടികള്‍ എന്താ നടക്കുന്നത് എന്ന് അറിയാതെ മിഴിച്ചിരുന്നു.

ഇന്‍റര്‍വെലിനു അവര്‍ ഓടി വന്നു കാര്യം തിരക്കി ആണ്‍കുട്ടികള്‍ പമ്പ കടന്നു.

ഞങ്ങള്‍ രാധാകൃഷ്ണനോട് ചോദിച്ചു,” എന്തിനാടാ, ഇങ്ങനെ എഴുതിയത്?
“ എടാ, നമ്മള്‍ അറിഞ്ഞു കൂടെങ്കിലും ട്രൈ ചെയ്യേണ്ടേ?”

ഗുണപാഠം : അറിഞ്ഞു കൂടാത്ത ചോദ്യത്തെ അതിബുദ്ധി കൊണ്ട് നേരിടരുത്.

Sunday, November 13, 2011

ശിശുദിനം

എത്ര ഭിക്ഷയാചിക്കുന്ന കുട്ടികളെ നിങ്ങള്‍ തെരുവില്‍ ദിവസവും കണ്ടു മുട്ടുന്നു?

ബാലവേല ചെയ്യുന്ന എത്ര കുട്ടികളെ ദിവസവും കാണുന്നു?

പെണ്‍കുട്ടികള്‍ക്ക് ജന്മം നിഷേധിക്കുന്ന നാട്?

ജനിച്ചാല്‍ തന്നെ വിദ്യാഭ്യാസം നിഷേധിക്കുന്ന നാട്?

നിര്‍ബന്ധിത വിദ്യാഭ്യാസം നടപ്പിലാക്കിയ രാജ്യത്തില്‍ പള്ളിക്കൂടം കാണാന്‍ ഭാഗ്യമില്ലാത്ത എത്ര കുട്ടികള്‍?

ഇവരെ ഒക്കെ നമുക്ക് സൌകര്യപൂര്‍വ്വം മറക്കാം. എനിക്ക് പറയാനുള്ളത്, വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്ന് മനസ്സിലാക്കി തെറ്റായി കുട്ടികളെ വളര്‍ത്തുന്ന, പീഡിപ്പിക്കുന്ന മിഡില്‍ ക്ലാസ്‌ മാതാപിതാക്കളോടാണ്.

സ്കൂളിന്‍റെ പെരുമയും അവര്‍ ഉണ്ടാക്കുന്ന റിസല്‍ട്ടും മാത്രം നോക്കി സാമ്പത്തിക സ്ഥിതിക്ക് ഇണങ്ങും വിധം ഒരു സ്കൂളിലയക്കും നമ്മള്‍ കുട്ടികളെ.

എന്നിട്ട് അഹങ്കാരത്തോടെ പറഞ്ഞു നടക്കും; എന്റെ മോന്‍/മോള്‍ പഠിക്കുന്നത് ഇവിടാന്നു.

അവിടെ നിങ്ങളുടെ കുട്ടി പഠിച്ചാല്‍ അവന്‍റെ കഴിവുവച്ച് എത്താവുന്ന ഉയരത്തില്‍ അവനെത്തും? ഉറപ്പാണോ നിങ്ങള്‍ക്ക്?

ഏതു അക്കാദമിക്‌ റിസള്‍ട്ട്‌ എടുത്താലും പെണ്‍കുട്ടികള്‍ മുന്നില്‍.
മല്‍സര പരീക്ഷയുടെ കാര്യം വരുമ്പോള്‍ ആണ്‍കുട്ടികള്‍ മുമ്പില്‍.

എന്താ ഈ വിരോധാഭാസത്തിനു കാരണം?

സാമ്പ്രദായിക വിദ്യാഭ്യാസത്തിന്‍റെ ചട്ടക്കൂട്ടില്‍ പെണ്‍കുട്ടികള്‍ ഒതുങ്ങുമ്പോള്‍ ചങ്ങലകളെ പൊട്ടിച്ചു, ഈ വ്യവസ്ഥിതിക്കെതിരെ ഒന്ന് പൊരുതി നില്‍ക്കുന്നില്ലേ, ആണ്‍കുട്ടികള്‍?

ആണ്‍കുട്ടികള്‍ പൊരുതുമ്പോള്‍ പെണ്‍കുട്ടികള്‍ നിസ്സഹായരായി പിന്‍വാങ്ങി അവരുടെ ഉള്ളിലേക്ക് ഒതുങ്ങി പോകുന്നത് എന്തുകൊണ്ട്?

എന്തുകൊണ്ടാണ് അക്കാദമിക്‌ തലത്തില്‍ വെന്നിക്കൊടി പാറിക്കുന്ന പെണ്‍കുട്ടികള്‍ മത്സരപ്പരീക്ഷാ രംഗത്ത്‌ ആണ്‍കുട്ടികള്‍ക്ക് പിന്നിലാകുന്നു?

സ്കൂളിലെ ഫോര്‍മല്‍ വിദ്യാഭ്യാസം വിദ്യാഭ്യാസത്തിന്‍റെ ഒരു ഭാഗം മാത്രമാണ്. ഇന്‍ഫോര്‍മലും അണ്‍ഫോര്‍മലുമായ വിദ്യാഭ്യാസം പൂര്‍ണമായി ലഭിച്ചാലേ വിദ്യാഭ്യാസത്തിനു പൂര്‍ണതവരുന്നുള്ളൂ.
ഇന്നത്തെ സാഹചര്യത്തില്‍ സ്കൂളുകള്‍ അക്കാദമിക്‌ റിസള്‍ട്ട്‌ മാത്രം നോക്കി പ്രവര്‍ത്തിക്കേണ്ടി വരുമ്പോള്‍ മാതാപിതാക്കളുടെ ചുമതല വര്‍ധിക്കുന്നു.

കുട്ടികളെ ആരായി തീരുമെന്ന് തീരുമാനിക്കുന്നതില്‍ അധ്യാപകര്‍ക്ക് ഏറെ പങ്കുണ്ട്.

A poor teacher tells.
An average teacher explains.
A good teacher demonstrates.
An excellent teacher inspires.

നമ്മുടെ സമൂഹത്തില്‍ അവസാനത്തെ കാറ്റഗറിയില്‍ പെടുന്ന ധാരാളം അധ്യാപകരുണ്ട്. പക്ഷെ, റിസള്‍ട്ട് എന്ന മാനദണ്ഡം പ്രവര്‍ത്തന മേഖലയെ ചുരുക്കുമ്പോള്‍ സാമ്പ്രദായിക വിദ്യാഭ്യാസത്തിന്‍റെ ചട്ടക്കൂട്ടില്‍ അവര്‍ ഒതുങ്ങി പോകുന്നു.

അപ്പോള്‍ മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളെ വാര്‍ത്തെടുക്കുന്നതിനുള്ള ചുമതല കൂടുതലായി എറ്റെടുക്കെണ്ടി വരുന്നു.

നിങ്ങളുടെ കുട്ടികള്‍ പഠിക്കാതിരിക്കാന്‍ കാരണമെന്ത?
1. പഠിക്കാന്‍ താല്പര്യം ഇല്ല
2. മനസ്സിലാകുന്നില്ല.
3. ഗ്രാഹ്യശക്തി അല്പം കുറവാണ്.

നിങ്ങള്‍ തല്ലിയാല്‍, അല്ലെങ്കില്‍ വഴക്ക് പറഞ്ഞാല്‍ അവര്‍ക്ക് താല്പര്യം ഉണ്ടാകുമോ?

തല്ലിയാലോ വഴക്കു പറഞ്ഞാലോ മനസ്സിലാകതെപോയത് മനസ്സിലാകുമോ?

തല്ലും വഴക്കും കുട്ടിയുടെ ഗ്രാഹ്യശക്തി വര്‍ധിപ്പിക്കുമോ?

ഈ ചര്‍ച്ച ഇവിടെ അവസാനിക്കുന്നില്ല. ഓരോ ചോദ്യത്തിനും കൂടുതല്‍ വിശകലനങ്ങളും ഉത്തരവും തേടേണ്ടതുണ്ട്. അതുമായി വീണ്ടും കാണാം.

Saturday, November 12, 2011

"കോഴി" പുരാണം....ഭാഗം ഒന്ന്.


കോഴികള്‍ക്ക് ഒരു ഗുണപാഠമാകട്ടെ ഈ നര്‍മ്മം.

എല്ലാ ഗ്രാമങ്ങളിലെന്ന പോലെ ഈ ഗ്രാമത്തിലും ഉണ്ട്, ഒരു കുഞ്ഞുകുട്ടന്‍. ഒരു സ്വതന്ത്രചിന്താഗതിക്കാരന്‍. ഉള്‍വസ്ത്രങ്ങള്‍ക്ക് എതിരെ ആരോ എങ്ങാണ്ട് പ്രധിഷേധം നടത്തി ഉപേക്ഷിച്ച വാര്‍ത്ത നമ്മളൊക്കെ കേട്ടിട്ടുണ്ടല്ലോ? എന്നാല്‍ യാതൊരു പ്രകടനവും നടത്താതെ അതുപേക്ഷിച്ച് വിലസി നടക്കുന്ന ആളാണ് കുഞ്ഞുകുട്ടന്‍.

മഹാന്മാര്‍ അങ്ങനെയാ, മഹത്വങ്ങള്‍ ജീവിതത്തില്‍ കാണിക്കും. “ഈ മഹത്”  കാര്യം പുല്ലുപോലെ ചെയ്തു യാതൊരു ക്രെഡിറ്റും അവകാശപ്പെടാത്ത വിനയന്‍, എളിയന്‍, എല്ലാവരുടെയും അളിയന്‍.

കുഞ്ഞുക്കുട്ടന്‍ മുണ്ട് മടക്കിക്കുത്തി ഞെളിഞ്ഞു നടക്കുമ്പോള്‍ തറയിലെ കല്ല്‌, പുല്ല്, ഉറുമ്പ്‌ തുടങ്ങി  സര്‍വ്വമാന ചരാചരങ്ങളും നാണിച്ചിട്ടുണ്ടാവണം. അവരുടെ ദുഃഖം ആര് കേള്‍ക്കാന്‍?

ഈ മഹത്കാര്യം കുഞ്ഞുക്കുട്ടന്‍ പരമരഹസ്യമായാണ് ഉള്ളില്‍ സൂക്ഷിച്ചിരുന്നത്. അദ്ദേഹത്തിന്റെ സ്വകാര്യ അഹങ്കാരമായി.

കുഞ്ഞുക്കുട്ടന്റെ ഈ സ്വതന്ത്ര ചിന്താഗതി നാട്ടില്‍ പരത്തിയത് ചന്ദ്രനാണ്. ഒരു ദിവസം ; ഒരു ഉച്ച. പാടവരമ്പിലൂടെ കുഞ്ഞുകുട്ടന്‍ മുന്‍പില്‍, ചന്ദ്രന്‍ പുറകില്‍. ഒരു ഓട ( ശുദ്ധജല ഓടയാണ് കേട്ടോ, കുഗ്രാമമാണേ ) കാലു വലിച്ചു നീട്ടി കടക്കുമ്പോള്‍ കയ്യിലിരുന്ന താക്കോല്‍ ഓടയില്‍ വീണു. ഓടയുടെ രണ്ടു വശത്തും കാലുവച്ചു കുഞ്ഞുകുട്ടന്‍ കുനിഞ്ഞു വെള്ളത്തില്‍ സൂക്ഷിച്ചു നോക്കി. കൂടെ ചന്ദ്രനും.

“ഹാ...ഹാ...ഹാ...ഹാ..”, ചന്ദ്രന്‍ ഒരു പൊട്ടിച്ചിരി,” നോക്കെടാ, വെള്ളത്തില്‍ ദേകുഞ്ഞുകുട്ടന്‍ ”.

കുഞ്ഞുക്കുട്ടന്‍ നില്‍ക്കുന്ന പൊസിഷന്‍ ഫിക്സ് ചെയ്ത് തല ഇരുപത്തി മൂന്നര ഡിഗ്രി ചെരിച്ച് സ്വന്തം കാല്‍ക്കീഴിലെ വെള്ളത്തില്‍ നോക്കി.

കുഞ്ഞുകുട്ടന്‍ കണ്ടത്, തന്‍റെ വിശ്വരൂപം”.  താനിന്നുവരെ മറയ്ക്കാതെമറച്ചുപിടിച്ച രഹസ്യം ചന്ദ്രന്‍ അറിഞ്ഞിരിക്കുന്നു!!!

ചന്ദ്രന്‍ പാണന്റെ വേഷം കെട്ടി. ഉടുക്കും കൊട്ടി എല്ലാവരോടും പാടി നടന്നു.

എന്തിനവിടം, പറയുന്നണ്ണാ,
ഓട, ചതിച്ച ചതിയാണല്ലോ
താക്കോല് വെള്ളത്തില്‍ നോക്കുന്നേരം
ഞാനത് കണ്ടു ഞെട്ടീതല്ലോ!!

നാട്ടില്‍ മൊത്തം പാട്ടായി, ഈ ലോകോത്തര നിലപാട്. എങ്കിലും തന്‍റെ നിഷ്പക്ഷമായ സ്വതന്ത്ര" നിലപാട് തിരുത്താന്‍ കുഞ്ഞുക്കുട്ടന്‍ തയ്യാറായില്ല. അങ്ങനെ വേണം ആമ്പിള്ളര്, അവര്‍ക്ക് അഭിപ്രായം ഇരുമ്പുലക്കയാ.

കുഞ്ഞുക്കുട്ടന് പറ്റിയ മഹാ അബദ്ധം ഇതല്ല കേട്ടോ. അത് ഒന്നൊന്നര അബദ്ധം .അത് എന്തെന്ന്, അറിയേണ്ടേ?  കുഞ്ഞുക്കുട്ടന്റെ “കോഴി”ത്തരങ്ങളുടെ ചുരുളും നിവര്‍ക്കേണ്ടേ?

ആരെയെങ്കിലും ഇത് ചിരിപ്പിക്കുന്നുണ്ടെങ്കില്‍ ആ കഥകളുമായി വീണ്ടും വരാം.


Sunday, November 6, 2011

“അപ്പാ........പോലീസ്”


പൊട്ടന്‍ ഒരു സര്‍ക്കാര് പള്ളിക്കുടത്തില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. പൊട്ടന്‍റെ സ്കൂളില്‍ ആകപ്പാടെ എക്വിപ്മെന്‍റ്സ് ഉള്ള സ്പോര്‍ട്സ്‌ കബഡി ആയിരുന്നു. കബഡിക്കെന്താ എക്വിപ്മെന്‍റ്സ്? വരയിടാന്‍ ചെത്തി മിനുക്കിയ ഒരു പുളിയങ്കമ്പു മാത്രം. അതു പോലും ജയില്‍ വാര്‍ഡന്‍റെ കോഴ്സ്‌ ഒന്നാം റാങ്കില്‍ പാസ്സായ അശ്ശട കൊശ്ശടന്‍ പി. റ്റി. മാഷിന്‍റെ ഔദാര്യത്തില്‍ !!!

പൊട്ടന്‍റെ ശരീര പ്രകൃതി വച്ച് ആരും ടീമിലെടുക്കില്ല. ഒരു ഊസ്റ്റ്‌ വേസ്റ്റ് കേസ്. കബഡി കളിയില്‍ ഒരു കിടിലന്‍ പ്ലേയര്‍ ഉണ്ട്. അജയന്‍.... അവന്‍ അജയ്യനാണ്. അവന്‍റെ  മസ്സില് വളര്‍ച്ചയുടെയും ബുദ്ധി വളര്‍ച്ചയുടെയും ഗ്രാഫ് വരച്ചാല്‍ വണ്‍ടെ ക്രിക്കറ്റില്‍ ഓസ്ട്രേലിയയെ ചേസ് ചെയ്യുന്ന ഹോളണ്ടിന്‍റെ റണ്‍ റേറ്റ് പോലെ ഇരിക്കും.

അവന്‍ കബഡി കളിയില്‍ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കും. “കബഡി....കബഡി....” എന്ന് പറഞ്ഞു, മറു പക്ഷത്തെ കളിക്കാരെ പുറകിലെ വരയുടെ അടുത്താക്കും. എന്നിട്ടു കൈകൊണ്ടു ആംഗ്യം കാണിക്കും, വഴി മാറാന്‍. എന്നിട്ടു പുറത്തേക്കു പോകും. കളത്തിനു പുറത്തു ഒരു കല്ലില്‍ കയറി ഇരുന്നു, “ കബഡി....കബഡി” എന്ന് ബോറടിക്കുന്നതുവരെ പിറുപിറുക്കും. തോന്നുമ്പോള്‍ എണീക്കും. കളത്തില്‍ വരും. തുടകളില്‍ തട്ടി വെല്ലു വിളിക്കും. വന്നു പിടിക്കാന്‍ ആംഗ്യം കാണിക്കും. പിടിച്ചില്ലെങ്കില്‍ കാലും കയ്യും വീശി തൊഴി തുടങ്ങും. അത് കൊണ്ട് ഓരോരുത്തരായി ചാടി കയ്യിലും കാലിലും തോളിലും പിടിച്ചു തൂങ്ങും. അവന്‍, ആന ഫ്രീയായി കിട്ടിയ ഓലമടല് വലിച്ചോണ്ട് പോകുന്നത് പോലെ വലിച്ചോണ്ട് പോകും. ഇടയ്ക്കു എല്ലാരും ചാടി വീഴുന്ന ടൈമിംഗ് അപാരമായി മാച്ച് ആകുമ്പോള്‍ അവന്‍ കീഴടങ്ങാറുണ്ട്.

അപ്പോള്‍, കബഡി ടീമില്‍ കയറി പറ്റാന്‍ ഒറ്റ വഴി. അവന്‍റെ ചങ്ങാത്തം. അവന്‍റെ ടീമാകുമ്പോള്‍ ഒന്നല്ല, മൂന്ന് പൊട്ടന്‍ വന്നാലും അവന്‍ ജയിച്ചോളും.പക്ഷെ, ഒരേ ക്ലാസ്സാണെങ്കിലും പൊട്ടനോട് വല്യ ലോഹ്യം ഇല്ല. അവന്‍റെ അടുത്ത് കിട്ടിയാല്‍ പൊട്ടന്റെ കയ്യിലെ മസ്സില് പിടിച്ചു വലിച്ചു “ പൂച്ചകുട്ടി” ഉണ്ടാക്കി കൊടുക്കും. “ഇലാസ്തികത” എന്നാ ഭൌതീക തത്വം പിന്തുടരാന്‍ മസ്സില് ബാധ്യസ്ഥനായ കാരണം അല്‍പ നേരം പൊട്ടന് വേദന നല്‍കി മസ്സില്‍ പൂര്‍വാവസ്ഥ പ്രാപിക്കുമായിരുന്നു.

അജയന്‍ രാവിലെ പുട്ട് അടിക്കുന്നത്, പൊട്ടന്റെ അച്ഛന്‍റെ ചായക്കടയീന്നാണ്.. ഒരു ദിവസം അച്ഛന്‍ ഇല്ലായിരുന്നു. അജയന്‍ വന്നു. ഒരു കുറ്റി പുട്ട്, പയറ്, നാലു പപ്പടം ഓര്‍ഡര്‍ ചെയ്തു. സപ്ലയര്‍ കൊണ്ട് വച്ചു. പൊട്ടന്‍ മാനേജരുടെ (??)കസേരയില്‍ നിന്ന് എണീറ്റ്‌ ഒരു മുഴുത്ത പഴം പൊട്ടിച്ചു അവന്‍റെ ഇലയുടെ സൈഡില്‍ വച്ചു.
“ ആര്‍ക്കാടാ, പൊട്ടാ പഴം? നിന്‍റെ അപ്പന്‍ ചോദിച്ചോടാ?”
“ കാശ് വേണ്ട, വെറുതെയാ”, പൊട്ടന്‍ അറച്ചറച്ച് പറഞ്ഞു.
പുട്ടും പയറും പപ്പടവും പല്ലിനു മോളില്‍ തള്ളി നില്‍ക്കുന്ന മോണ കാട്ടി അവന്‍ ചിരിച്ചു. ചിരിച്ചപ്പോള്‍ കുറെ പുട്ട് ഇലയില്‍ വീണു.

ഇടയ്ക്കിടെ ഇത് ആവര്‍ത്തിച്ചപ്പോള്‍ അജയന്‍ പൊട്ടനെ നോക്കി ചിരിക്കാനും തോളില്‍ തട്ടാനും തുടങ്ങി. മസ്സില് പിടിച്ചു “പൂച്ചക്കുട്ടി” വരുത്തുന്ന പതിവും നിര്‍ത്തി. വഴിയില്‍ കണ്ടാല്‍ അവന്‍റെ “ ഹെര്‍ക്കുലീസ്  മൊരടന്‍ ലോഡ്‌ സൈക്കി” ളില്‍ ലിഫ്റ്റ്‌ താരനും തുടങ്ങി.

പൊട്ടന്‍ തക്കം നോക്കി അവന്‍റെ കബഡി ടീമില്‍ കയറാനുള്ള പൂതി അവതരിപ്പിച്ചു. അജയന്‍ സമ്മതിച്ചു. കളി തുടങ്ങി. അജയന്‍ വിളിച്ചു പറഞ്ഞു. “ പൊട്ടാ, നീ ഫസ്റ്റ് റൈഡ്” പൊട്ടന്‍ നടുവര തൊട്ടു തൊഴുതു. “കബഡി......കബഡി” . രണ്ടടി മുന്നോട്ടു വച്ചു. ആരോ പൊട്ടന്‍റെ കയ്യില്‍ പിടിച്ചു ഒറ്റ വലി. അത്രയെ പൊട്ടന് ഓര്‍മയുള്ളൂ.  പിന്നെ എല്ലാരും വന്നു പൊട്ടന്‍റെ മേലെ ഒരു ആക്രമണം ആയിരുന്നു. പൊട്ടന്‍റെ ചുണ്ട് പൊട്ടി ചോര. കയ്യിലും കാലിലും തൊലി അവിടവിടെ ഇല്ല. മിക്കവാറും എല്ലാ രാജ്യങ്ങളുടെയും ചുവന്ന മാപ്പ്. ഇട്ടിരുന്ന ബനിയന്‍ കീറി. നിക്കറിന്‍റെ തയ്യലും വിട്ടു. അജയന്‍ പറഞ്ഞു, “ പൊട്ടാ, ഇനി നാളെ, ഇന്ന് റസ്റ്റ്‌ എട്”.

അടുത്ത ദിവസം വീണ്ടും അജയന്‍, “ പൊട്ടാ ഫസ്റ്റ് റൈഡ്”. പൊട്ടന്‍ നടുവര തൊട്ടു തൊഴുതു. രണ്ടടി വച്ചാലല്ലേ, പൊക്കൂ. പൊട്ടന്‍ ഒരടി വച്ചു. മറ്റേ കാല്‍ നടുവരയുടെ മോളില്‍ വച്ചു ...” കബഡി....... കബഡി”. ആരെങ്കിലും വന്നു തൊടണം. അപ്പോള്‍ നടുവരയില്‍ കാല് ചവിട്ടണം. ഒരുത്തന്‍ ഔട്ട്‌. ഒരു പോയിന്‍റ്. പൊട്ടന്‍ അങ്ങനെ നിന്ന് കുറെ നേരം ബാലന്‍സ് തെറ്റിയും തെറ്റാതെയും ഒറ്റക്കാലില്‍ ആടി. കുറെ കഴിഞ്ഞപ്പോള്‍ എതിര്‍ ടീമില്‍ നിന്ന് രണ്ടു പേര്‍ വന്നു പൊട്ടന്‍റെ അടുത്ത് നിന്നു. ഒരുത്തന്‍ കൈ നീട്ടി പൊട്ടന്‍റെ കയ്യില്‍ തൊട്ടു..തൊട്ടില്ല ..എന്ന മട്ടില്‍ നിന്നു. പൊട്ടന്‍ കൈ അല്പം നീട്ടി അവനെ തൊടാനാഞ്ഞു. മറ്റവന്‍ മിന്നായം പോലെ നിലത്തിരുന്ന് കാല് വീശി. പൊക്കി വച്ച കാലു നടുവരയില്‍ തൊടാനുള്ള ഭാഗ്യം പോലും കിട്ടാതെ പൊട്ടന്‍ മൂക്കും കുത്തി എതിര്‍ ടീമിന്‍റെ കളത്തിന് നടുക്ക്. അന്നൊക്കെ വേള്‍ഡ് വൈഡ്‌ റസ്ലിംഗ് പ്രബലമല്ലെങ്കിലും ഓരോരുത്തരായി വന്നു അതിനേക്കാള്‍ ഭംഗിയായി പൊട്ടനു മേല്‍ വീണു കൊണ്ടേയിരുന്നു.

പൊട്ടന്‍ അതോടെ കബഡികളി നിര്‍ത്തി. അജയനുമായുള്ള ചങ്ങാത്തം നിര്‍ത്തിയില്ല.

അജയന്‍റെ അച്ഛന് ഒരു ചെറിയ ബിസിനസ്സ് ഉണ്ടായിരുന്നു. അക്കാലത്തു ദിവസക്കൂലി പതിനച്ചോ ഇരുപതു രൂപയോ ആയിരുന്നു. സ്വദേശിയും വിദേശിയും സാധാരണ മദ്യപര്‍ക്ക് അപ്രാപ്യമായിരുന്നു. അവരെ സഹായിക്കാന്‍ അല്പം വ്യാജന്‍റെ വില്‍പ്പന. ഇടയ്ക്കിടെ പോലീസ് വരും. കവലയില്‍ വണ്ടി നിര്‍ത്തി നടപ്പാത കടന്നു വരുന്നത്, അപ്പന് കാണാം. വാഴത്തോട്ടത്തില്‍ പോലീസ് എത്തും മുന്‍പ് പുള്ളി ഓടും. കുറെ ഓടിയാല്‍ ഒരു വൈക്കോല്‍ കൂന ഉണ്ട്. ഇതാണ് ഒളിത്താവളം. അജയനും അപ്പനും പൊട്ടനും സര്‍വ്വമാന കുടിയന്മാര്‍ക്കും അറിയാം. പോലീസിനു മാത്രം അറിയില്ല.

ഒരു ദിവസം പൊട്ടനും അജയനും  സ്കൂള്‍ കഴിഞ്ഞു സന്ധ്യാ നേരം കവലയില്‍ എത്തിയപ്പോള്‍ ഒരു പോലീസ് വാന്‍. മൂന്ന് നാല് പോലീസുകാരും ഉണ്ട്. അജയന്‍റെ ബുദ്ധി ഉണര്‍ന്നു. “ പൊട്ടാ, ഇന്ന് അപ്പനെ പൊക്കും” . നമുക്ക് ഓടി പോയി അപ്പനോട് മുങ്ങാന്‍ പറയാം. അജയനും പൊട്ടനും ഓടി വാഴത്തോട്ടത്തില്‍ എത്തി. അപ്പനെ തേടി. വാഴത്തോട്ടത്തില്‍ ഇരുട്ടത്ത്‌ ഒരു രൂപം കണ്ടു. അജയന്‍ അടുത്ത് പോയി തോണ്ടി വിളിച്ചു. ”അപ്പാ...അപ്പാ..പോലീസ്”


രൂപം തിരിഞ്ഞു. കപ്പടാ മീശ. പറ്റെ വെട്ടിയ മുടി. കാക്കി പാന്‍റ്. അത് അപ്പനല്ല, പോലീസായിരുന്നു!!!!!!!!!


 പോലീസ് അജയനെ കോളറില്‍ പിടിച്ച് തൂക്കി. ഒരു ചീത്ത വിളി “ എവിടെടാ നിന്‍റെ കോപ്പന്‍?” പൊട്ടനെയും പോലീസ് കണ്ടു. “ പിടിയെടാ, ആ @#$#@----യെ” പൊട്ടന്‍ ഒറ്റ ഓട്ടം. കുറെ ഓടി. രൂപം കണ്ടപ്പോള്‍ എട്ടില്‍ പഠിക്കുന്ന ഏതോ പൊട്ടനെന്നു പോലീസിനു തോന്നി കാണും. പൊട്ടനെ വിരട്ടിയ പോലീസുകാരന്‍ വിട്ടു.

അജയനെ പൊക്കിയ പോലീസിന്‍റെ തെറി കേട്ട്, മറ്റു പോലീസുകാര്‍ ഓടി വന്നു. അപ്പോഴാണ് അജയനു മനസ്സിലായത്‌ കവലയില്‍ മൂന്നോ, നാലോ പേരെ പോലീസുകാരെ നിര്‍ത്തി ബാക്കിയുള്ളവര്‍ നേരത്തെ തന്നെ അപ്പനെ തേടി വാഴ തോട്ടത്തില്‍ നടക്കുവാണെന്ന്.

കുറെ പോലീസിനെ കണ്ടപ്പോള്‍ നമ്മുടെ ധീരനായ നായകന്‍ ഉറക്കെ  നിലവിളിക്കാന്‍ തുടങ്ങി. പോലീസുകാര് കേള്‍ക്കാതെ തന്നെ അപ്പന്‍ ഒളിച്ചിരിക്കുന്ന സ്ഥലം ഗൂഗിള്‍ മാപ്പിലെ സൂമിനെക്കള്‍ വ്യക്തമായി വ്യക്തമാക്കി കൊടുത്തു. മകനെയും കൊണ്ടുപോയി അവര്‍ അപ്പനെ പൊക്കി. കന്നാസും തലയില്‍ വച്ചു പോലീസിനൊപ്പം നടന്നു പോകുമ്പോള്‍ അപ്പന്‍ വഴിയില്‍ കിടന്ന ഒരു കല്ലെടുത്ത് അജയന്‍റെ നേര്‍ക്ക്‌ ഒറ്റ ഏറ്, “ ഡാ, ഞാന്‍ ജാമ്യത്തില്‍ വരും, പിന്നെയും ഇവമ്മാര് പൊക്കും, അത് നിന്നെ കൊന്നതിനായിരിക്കുമെടാ!” 

Thursday, November 3, 2011

ഇങ്ങനെ ഫോണ്‍ ചെയ്യരുത്


പൊട്ടന് പറ്റാത്ത പൊട്ടത്തരങ്ങളില്ല. ഒരു ദിവസം പൊട്ടനെ കാണാന്‍ ഒരു സുഹൃത്ത്‌ ഒരു ഉച്ച നേരത്ത് ഓഫീസിലെത്തി. സുഹൃത്തിന് കാന്റീനിലെ ചായ കൊടുത്തപ്പോള്‍ വേണ്ട. ടൌണീന്നു ഫ്രഷ്‌ ജ്യൂസ് വേണം. പൊട്ടന്‍ പറഞ്ഞു ബൈക്ക് എടുക്കാം. സുഹൃത്ത്‌ വിസമ്മതിച്ചു, “ വാടാ, എന്‍റെ കാറില്‍ പോകാം.”. പൊട്ടനും സുഹൃത്തും കാറില്‍ ടൌണില്‍ പോയി.
ടൌണില്‍ എത്തിയപ്പോഴാണ് പൊട്ടന് ഓര്‍മ്മവന്നത് അന്ന് ഓഫീസ്‌ ഉച്ചവരെയേ ഉള്ളൂ. ബൈക്കിന്‍റെ താക്കോലെടുത്തിട്ടില്ല. ഓഫീസില്‍ ആണ്. അത് പൂട്ടിയാല്‍ ദൂരെ ഉള്ള വീട്ടില്‍ പോകാന്‍ പറ്റില്ല. വൈകുന്നേരം കുഞ്ഞിനെ സ്കൂളീന്ന് വിളിക്കണം. ഓഫീസില്‍ ഉള്ള സഹപ്രവര്‍ത്തകനോട് ഫോണ്‍ ചെയ്തു താക്കോല്‍ വണ്ടിയുടെ ബാഗില്‍ ഇടാന്‍ പറയാം.
സമയം രണ്ടു മണിക്ക് രണ്ടു മിനിറ്റ്‌ മാത്രം. പൊട്ടന്റെ മൊബൈലില്‍ കാശില്ല. കയ്യിലുള്ളത് പത്തു രൂപ നോട്ട്. കോയിന്‍ ബോക്സിലെ ചേട്ടനോട് ചില്ലറയും അവജ്ഞയോടുള്ള നോട്ടവും ഇരന്നു വാങ്ങി. ചട പടേന്നു ഫോണ്‍ ചെയ്യാന്‍ തുടങ്ങി. പൊട്ടന്‍ ആദ്യത്തെ കോയിന്‍  ഇട്ട് ഫോണ്‍ ചെയ്തു. റിംഗ് പോകുന്നു. ആരും എടുക്കുന്നില്ല. അപ്പോഴാണ് പൊട്ടന്റെ ഫോണിലും ഒരു അജ്ഞാത കോള്‍. ഹലോ പറഞ്ഞു. ഒരു പ്രതികരണവും ഇല്ല. ഇപ്പോള്‍ കോയിന്‍ ബോക്സിലെ കോയിന്‍ വീണു. അവിടെ ചാടിക്കയറി ഹലോ ഹലോ പറഞ്ഞു നോക്കി. നോ രക്ഷ.
ഒന്‍പതു കോയിന്‍ തീരുന്നതുവരെ വാച്ചില്‍ നോക്കി പൊട്ടന്‍ ഈ അഭ്യാസം തുടര്‍ന്ന്നു. ഫലമോ, .... കഥയിതു ആവര്‍ത്തനം.

     പത്താമത്തെ കോയിന്‍ ഇടാന്‍ നേരത്ത് സുഹൃത്ത്‌ അടുത്ത് വന്നു. “ കുറെ നേരമായി നീ എന്തു പുടുങ്ങുവാടാ? ആ ഫോണ് .... ഈ ഫോണ്, വട്ടായോ?”

 പൊട്ടന്‍  മൈന്‍ഡ് ചെയ്യാതെ വീണ്ടും നമ്പര്‍ ഡയല്‍ ചെയ്തു. സുഹൃത്ത്‌ ചിരിയോടെ നോക്കി നിന്നു. സുഹൃത്ത്‌ പറഞ്ഞു “ പൊട്ടാ,നിന്നെ പൊട്ടന്‍ എന്നല്ല പറയേണ്ടത് പൊട്ടന്‍#@$%@#$ എന്നാ പറയേണ്ടത്. നീ എന്തിനാടാ, നിന്‍റെ നമ്പര്‍ ഡയല്‍ ചെയ്യുന്നത്?”

 ഇപ്പോഴാണ്‌ പൊട്ടന് തനിക്ക് വരുന്ന അജ്ഞാത കോളിന്റെ ഗുട്ടന്‍സ് പിടികിട്ടിയത്. പത്താമത്തെ കോയിന്‍ ഇട്ട് ശരിയായ നമ്പരില്‍ വിളിച്ചു.

“ങാ, അതെ, ......... ഓഫീസ് അടച്ചു........... പക്ഷെ ഞാന്‍ പകുതി വഴിയിലായി................... ഓക്കേ.ഓക്കേ.......... പറ്റില്ല. വേണെങ്കില്‍ നീ ഓട്ടോ പിടിച്ചു കറങ്ങ് , വച്ചിട്ട് പോടാ, ആളെ മിനക്കെടുത്താതെ.”

സുഹൃത്ത്‌ തോളില്‍ തട്ടി,” പേടിക്കാതെ പൊട്ടാ, ഇന്ന് എന്‍റെ കാറുണ്ട്, പക്ഷെ ഞാന്‍ ഇതെല്ലപരോടും പറയും”

“ പറഞ്ഞാല്‍ പൊട്ടന് നാലു മ..മ..മയില്‍പ്പീലി,...പോടാ”