Saturday, October 29, 2011

പള്ളിക്കെട്ട്........



ഒരു അവധിക്കാലം. അതായത് ഞാന്‍ അവധിക്കു പോയകാലം. നമ്മള്‍,മറുനാടന്‍ മലയാളികള്‍ക്ക് നാട്ടില്‍ പോകുമ്പോള്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നുണ്ട്. കയ്യില്‍ മദ്യക്കുപ്പി കരുതണം. എന്നു വന്നുഎപ്പോള്‍ പോകുന്നു? “ ,ഈ രണ്ടു ചോദ്യവും കഴിഞ്ഞാല്‍ ഒരു കൈ ഉയര്‍ത്തിമറ്റേ കൈ ഉയര്‍ത്തിയ കയ്യുടെ മുട്ടില്‍ തൊട്ടു കള്ളച്ചിരിയോടെ ഒരു ചോദ്യം.കൊണ്ടുവന്നോ? . അതുകൊണ്ട് മിക്കവാറും എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീയില്‍ നിന്നും രണ്ടു സ്കോച് വാങ്ങി കയ്യില്‍ കരുതും.

മദ്ധ്യ കേരളത്തില്‍ നിന്ന് രണ്ടു സുഹൃത്തുക്കള്‍ എന്നെ കാണാനെത്തി. പുഴയില്‍ നീന്തിക്കുളിച്ച്നാടന്‍ ഭക്ഷണവും കഴിച്ച്നാട്ടിന്‍പുറമാകെ കറങ്ങി. അങ്ങനെ വൈകുന്നേരമായി. ഞങ്ങളൊന്നു കൂടാന്‍ തീരുമാനിച്ചു. ഞങ്ങളിരുന്നു. അപ്പോള്‍ കതകില്‍ മുട്ടു കേട്ടു. കതകു തുറന്നു. എന്‍റെ നാട്ടിലെ ബാല്യകാല ചങ്ങാതി. ആഞ്ഞു ഒരു കെട്ടിപ്പിടുത്തം.

    “എന്തര് അണ്ണാ,  എപ്പഴ് വന്ന്?  തള്ളേവന്നിറ്റ്ഒരു ഫോണ് ചെയ്താമുക്കില് വന്നപ്പം കോവിയണ്ണന്‍ പറഞ്ഞുനീ വന്നൂന്ന്. അകത്തു ഏതു പയലുകള്ടാ? “

    പരസ്പരം എല്ലാവരും പരിചയപ്പെട്ടു. എന്നിട്ടുസാധാരണ ചോദ്യം. അണ്ണാ,ഒന്നും കൊണ്ട് വന്നില്ലിയ?” .സ്കോച് എടുത്തു മുന്നില്‍ വച്ചു കൊടുത്തു. അവന്‍റെ കണ്ണിലെ പ്രകാശം കണ്ടപ്പോള്‍, ലൈറ്റ്‌ കെടുത്തിയാലോ എന്ന് തോന്നി. ക്രിസ്തുമസ്സിനു കെട്ടിത്തൂക്കിയ രണ്ടു ജ്വലിക്കുന്ന നക്ഷത്രങ്ങള്‍. കുപ്പി തുറന്നു എല്ലാവരും ഓരോ സ്മോള്‍ എടുത്തു. പുള്ളി ചറപറാന്നു മൂന്നു നാലു ലാര്‍ജ്‌ കീറി.

   അപ്പോള്‍ പുള്ളിയുടെ ഫോണ്‍ ശബ്ദിച്ചു. പള്ളിക്കെട്ട് ശബരിമലയ്ക്ക്കല്ലും മുള്ളും കാലുക്ക് മെത്തേ ....”. വിരല്‍ ചുണ്ടില്‍ വച്ച് ഞങ്ങളോട് നിശബ്ദരായിരിക്കാന്‍ ആംഗ്യം കാണിച്ചു. " അയ്യോസാമിയാണെവെള്ളമടിയോന്നുമില്ല. നമ്മടെ പൊട്ടന്‍ വന്ന്. ഒരു സ്കോച് ബിയറ് കൊണ്ട് വന്ന്. നമ്മട് നാലുവര് ഒണ്ട്. ഞാന്‍ ഉത്തുപ്പോരം തന്ന കുടിക്കൂ. ബാക്കി അവമ്മാര് ഇപ്പം വരാം. 

ഫോണ്‍ നിലത്ത് വച്ചു.," അണ്ണാവീട്ടിനാണ് . നേരത്തെ പോണും. ഇല്ലെങ്കി അവള് കൊല്ലും." 

എവിടീന്നാടാ,സ്വഭാവത്തിനു ചേരാത്ത  ഈ റിംഗ് ടോണ്‍?"
കഴിഞ്ഞ പ്രാവശ്യം ശബരിമലയ്ക്ക് മാലയിട്ടപ്പം വച്ചത് . പിന്ന മാറ്റീല ,കേട്ട. മാലയിടുണതിന് രണ്ടു മാസം മുമ്പ് വെള്ളമടി നിറുത്തും. മലയില് പെയ്യിട്ട് വന്നാ പിന്നിയും രണ്ടു മാസം തൊടൂല."

കൊള്ലാമെടോസ്കോച് ബിയര്‍ ആദ്യമായി കേള്‍ക്കുകയാ?"
അയ്യോബ്രാണ്ടീന്നു അറിഞ്ഞ കൊല്ലും. ബിയര്‍ സാരമില്ല."

ഞാന്‍  ഹോട്ടലില്‍ ഭക്ഷണത്തിന് ഫോണ്‍ ചെയ്തു.

“ ഇപ്പഴേ ചോറ് ഉണ്ടാ ഇതാര് തീക്കുംഎനിക്ക് വേണ്ട കേട്ടാവീട്ടി പെയ് തിന്നില്ലെങ്കി അവള് കൊല്ലുംബ്രാണ്ടി മാത്തരം മതി”.

"അണ്ണാനെങ്ങള് ഇനി എടുക്കുണില്ലിയാ?, മതിയാ?"

ഞങ്ങള്‍ കപ്പ് കമിഴ്ത്തി.

 “ തള്ളേനെങ്ങള് എന്തര് കുടിയമ്മാര്നെങ്ങള് വെളിയിലക്ക പോണ ആളുകള് ഇല്ലിയനമ്മള നാട്ടിന്റെ പേരു കളയുമല്ല. ഞാന്‍ ഇത് തീക്കുംഒറ്റക്ക് തീക്കും.

ഭക്ഷണം വന്നു. ഞങ്ങള്‍ തിന്നു. കിടന്നു. പുള്ളി ഓരോ സിപ്പിലും അമ്മയാണെഞാന്‍ തീത്തിറ്റ്‌ തന്നപോവും” എന്ന പ്രതിജ്ഞ ആവര്‍ത്തിച്ചു വീശിക്കൊണ്ടേകൊണ്ടിരുന്നു. ഒടുവില്‍ തീര്‍ത്തു. ഓ.കെ. സാറെഗുഡ്‌ നൈറ്റ്‌. വീട്ടിപെയ് എത്തീറ്റ് വിളിച്ചു പറയാംകേട്ട.” ആടിയാടി കതകിനു പുറത്തേക്ക് മറഞ്ഞു.

പുള്ളി പോയി അഞ്ചു മിനിറ്റ്‌ കഴിഞ്ഞു. ആരോ വന്നു കതകില്‍ മുട്ടി. കതകു തുറന്നു.  മുറ്റത്ത്‌ രണ്ടു പേര്‍. കാര്യം തിരക്കി. “ അണ്ണാഇന്ന് ഷാപ്പക്ക ലീവാണ്. സാധനം കിട്ട്ണില്ല. ലോ..ലവിടെ ഒരുത്തനെ കണ്ട്അവന്‍ പറഞ്ഞു ഇവിടെ മൂന്നു ഫാറിന്‍കാറ് വെള്ളം അടിച്ചോണ്ട് ഇരിക്ക്ന് അവമ്മാരെ കയ്യില് സാധനം ഒണ്ട്. അണ്ണാനാലു പേര് ചേര്‍ന്ന് കട്ടിംഗ്. അഞ്ഞൂറു രൂവ ഒണ്ട്. ഒരു കുപ്പി തയ്ണം. (സമയം പന്ത്രണ്ടു ആണേ.) നമുക്ക് ചൊറിഞ്ഞോണ്ടു വന്നു. അവരെ വിരട്ടി വിട്ടു.

നമ്മുടെ സുഹൃത്തിന്‍റെ ഫോണ്‍ വന്നില്ല. അങ്ങോട്ട്‌ വിളിക്കാം എന്ന് തീരുമാനിച്ചു. ഞാന്‍ വിളിച്ചു. റിംഗ് പോകുന്നുണ്ട്. ഒപ്പം ദൂരെ നിന്നൊരു തമിഴ്പ്പാട്ട് കേള്‍ക്കുന്നു, “ പള്ളിക്കെട്ട്....ശബരിമലയ്ക്ക്കല്ലും മുള്ളും കാലുക്ക് മെത്തേ...”. ഫോണ്‍ ആരും എടുക്കുന്നില്ല. ഇപ്പോള്‍ പാട്ടു കേള്‍ക്കുന്നില്ല. വീണ്ടും ഡയല്‍ ചെയ്തു. റിംഗ് പോകുന്നു. ഒപ്പം ദൂരെ നിന്നു ആ പാട്ടും.

റിംഗ് നിന്നു പാട്ടും നിന്നു. അപ്പോള്‍ മനസ്സിലായി സുഹൃത്തിന്‍റെ ഫോണ്‍ എവിടെയോ അടിക്കുന്നു.നടന്നു മുന്നോട്ടു പോയി. വീണ്ടും ഡയല്‍ ചെയ്തു. തൊട്ടടുത്ത്‌ നിന്നാണ് പാട്ട്. ആരെയും കണ്ടില്ല. ഒന്നുകൂടെ ഡയല്‍ ചെയ്ത് ഓടയില്‍ നിന്നാണെന്ന് മനസ്സിലാക്കി. ആശാന്‍ ഓടയില്‍ വീണു കിടക്കുകയായിരുന്നു. പരുക്കില്ല. പക്ഷെ ഇടുങ്ങിയ ആഴമുള്ള ഓടയില്‍ തടിച്ച ബോഡിഫിറ്റ്‌ ആയത് കാരണം സ്വയം എണീക്കാന്‍ വയ്യ. പാന്റ്സിന്റെ പുറകിലുള്ള മൊബൈല്‍ എടുത്തു ഫോണ്‍ ചെയ്യാനും ഒക്കാത്ത അവസ്ഥ.

പുള്ളിയെ കരയിലാക്കി. അവന്‍ പറഞ്ഞു. “ അണ്ണാഞാന്‍ വിഴുന്ന് കെടക്കുമ്പം രണ്ട് പേര് വന്ന്. അടുത്ത് വന്ന് നോക്കിയപ്പം ഞാന്‍ വെള്ളങ്ങള് അടിച്ചോണ്ട് വിഴുന്നൂന്ന് അവമ്മാരക്ക് മനസ്സിലായിഅവമ്മാര് എന്നെ എടുത്തില്ല. എവിടീന്ന് അടിച്ചൂന്ന് കേട്ട്. ഞാന്‍ സ്ഥലം പറഞ്ഞ് കൊടുത്ത്. അവമ്മാര് വാണിച്ചിറ്റ് വന്നിട്ട് എടുക്കാംന്നു പറഞ്ഞിട്ട് പെയ്യു. എന്തര് പറ്റിതിരിച്ചു പോവുമ്പം എന്നെ തള്ളക്കും വിളിച്ചോണ്ട് പെയ്യു.

പിറ്റേന്ന് രാവിലെ കാലിലും കയ്യിലും അവിടവിടെ നഷ്ടപ്പെട്ട തൊലിയുമായി ആശാന്‍ പ്രഭാത ചായ കുടിക്കുവാന്‍ കവലയില്‍ വന്നു. ഞങ്ങളും അവിടെ ഉണ്ടായിരുന്നു. അവന്‍റെ കഥ ഇതിനോടകം അവിടെ കൂടിയിരുന്ന ആള്‍ക്കാര്‍ക്ക് ഞങ്ങള്‍ പറഞ്ഞു കൊടുത്തു. അവന്‍ അടുത്ത് എത്തിയതും എല്ലാപേരും കോറസ്സായി പാടാന്‍ തുടങ്ങി.

പള്ളിക്കെട്ട് ശബരിമലയ്ക്ക്...കല്ലും മുള്ളും കാലുക്ക് മെത്തേ ....

അവന് ഒരുകൂസലുമില്ലയിരുന്നു. ഒരു ചായ വാങ്ങി വരാന്തയില്‍ ഇരുന്നു കള്ള ചിരിയോടെ മോന്തി. “ കുടിയനെത്ര ഓട കണ്ടുഓടയെത്ര കുടിയന്മാരെ കണ്ടു !!

 ഒരാള്‍ അവന്റെ ഫോണ്‍ ചോദിച്ചു വാങ്ങി. വെള്ളം അടി നിര്‍ത്തുന്നത് വരെ മേലാല്‍ ഈ റിംഗ് ടോണ്‍ വച്ച് പോകരുത്. എസ്.എം.എസ്. ചെയ്ത് റിംഗ് ടോണ്‍ മാറ്റി കൊടുത്തു.

Tuesday, October 25, 2011

ആമ ’നിക്കര്‍’


തലക്കെട്ട് കേള്‍ക്കുമ്പോള്‍ തന്നെ നിങ്ങള്‍ ചിന്തിക്കാം. ഇതെന്ത് കുന്തം.

പഠിത്തം കഴിഞ്ഞ്, ടെസ്റ്റുകള്‍ എഴുതി നടക്കുന്ന കാലം. പ്രധാന ഹോബി നല്ല വ്യായാമം ഉള്ള ഒരു കളി തന്നെ ആയിരുന്നു, ശീട്ടുകളി. അതു കഴിഞ്ഞാല്‍ വൈകുന്നേരം പുഴക്കടവില്‍ ഉള്ള വിശാലമായ മൈതാനത്ത് മലര്‍ന്നു കിടന്നു വിശ്രമം, അദ്ധ്വാനിച്ചതല്ലേ.

വരുന്നവരെയും പോകുന്നവരെയും കളിയാക്കുന്ന ചിലര്‍, കടന്നു പോകുന്ന കുടുംബിനികളോട് മാത്രം കുശലം തിരക്കുന്ന ചിലര്‍, ആരു പോയാലും തെറിവിളിക്കുകയും കൂകുകയും ചെയ്യുന്ന ചിലര്‍, (അവരുടെ വായില്‍ നിന്ന് തെറി ചൂടോടെ വാങ്ങിയെടുത്താല്‍ അവരുടെ മുഖത്ത് ഒരു സംതൃപ്തി കളിയാടും.) കളിയാക്കപ്പെടാന്‍ വേണ്ടി മാത്രം ജന്മമെടുത്ത ഞാനും കൂട്ടത്തില്‍.

ഈ വൈകുന്നേരങ്ങളിലാണ് നമ്മുടെ നായകന്‍ പണി കഴിഞ്ഞ്, അത്യാവശ്യത്തിനു അന്തി മോന്തി കുളിക്കാന്‍ വരുക. പുള്ളി ഒരു വ്യത്യസ്തനാം കുടിയന്‍. കുടി കഴിഞ്ഞാല്‍ ഭയങ്കര വിനയം. ഭക്തി പാട്ടുകള്‍ ഈണത്തില്‍ പാടും. അന്നത്തെ പാട്ട്.....
“ആനത്തലയോളം വെണ്ണ തരാമെടാ, ആനന്ദ ഗോപാലാ....” ആയിരുന്നു.

    സഖാവ്, ശങ്കുമാര്‍ക്ക് ചാരം (പണ്ടത്തെ ഒരു ലുങ്കി ആണേ) അഴിച്ചു നിലത്തിട്ടു. തലയില്‍ കെട്ടിയ തോര്‍ത്ത് അഴിച്ചു അരയില്‍ ചുറ്റി. ചാഞ്ചാടി ആടി ജിമ്നാസ്ടിക് പ്ലേയറുടെ മെയ്‌ വഴക്കത്തോടെ വള്ളി നിക്കര്‍ (വരയന്‍ ഡ്രായര്‍) അഴിച്ചു നിലത്തിട്ടു. അതിന്‍റെ പോക്കറ്റില്‍ നിന്ന് ഒരു കഷണം “501” (പഴയ ഒരു ബാര്‍ സോപ്പിന്റെ ബ്രാണ്ടാണെ) എടുത്തു. കല്ലില്‍ ശ്രദ്ധയോടെ അലക്കാന്‍ തുടങ്ങി. പുല്ലുള്ള ഭാഗം നോക്കി ശ്രദ്ധയോടെ വിരിച്ചിട്ടു. “കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ്”.

കല്ലില്‍ കയറി ഇരുന്നു ഞങ്ങളെ ഉപദേശിക്കാന്‍ തുടങ്ങി. പണി കിട്ടിയില്ലെങ്കില്‍ അതുവരെ പത്ത് വാഴ നട്ടൂടെ? ഇങ്ങനെ എന്തിനാ ജീവിതം തുലക്കുന്നത്? ........... അപ്പോള്‍ കല്ലിനു താഴെ ഒരനക്കം. പുള്ളി നോക്കി. കല്ലിനടിയില്‍ ഒരു വല്യ ആമ !!!.

പുള്ളി അതിനെ പിടിച്ചു. വള്ളിനിക്കറിന്റെ പോക്കറ്റില്‍ ഇടാന്‍ നോക്കി. ഭയങ്കര ടൈറ്റ്. “ പോക്കറ്റ്‌ കീറിയാലും ആമ കേറണം” എന്ന് നമ്മള്‍ എല്ലാ മലയാളികളെയും പോലെ പുള്ളിയും ചിന്തിച്ചു കാണണം. ഒടുവില്‍ പോക്കറ്റ്‌ കീറാതെ ആമയെ ഉള്ളിലാക്കി. എന്നിട്ട് കുളിക്കാന്‍ ഇറങ്ങി. കഴുത്തോളം വെള്ളത്തില്‍ ഇറങ്ങി വീണ്ടും തുടങ്ങി ...
” ആനത്തലയോളം വെണ്ണ തരാമെടാ.......”

അപ്പോള്‍ ആണ് ഒരാള്‍ വള്ളി നിക്കര്‍ അനങ്ങുന്നത് കണ്ടത്. ആമ പോക്കറ്റില്‍ നിന്ന് തല നീട്ടി പുറത്തു വരാന്‍ ശ്രമിക്കുന്നു. പക്ഷെ, ടൈറ്റ് ആയ കാരണം പുറത്തു വരാന്‍ പറ്റുന്നില്ല. ആമ ആര് മോന്‍? നിക്കറുമായി, മെല്ലെ ചലിക്കാന്‍ തുടങ്ങി. നമ്മള്‍ ചിരി അടക്കി വായ പൊത്തി നോക്കി നിന്നു. കഥാനായകന്‍, ഇതൊന്നും അറിയാതെ പാട്ട് തുടര്‍ന്നു കൊണ്ടേ ഇരുന്നു.ആമ മെല്ലെ പുഴയില്‍ എത്തി ഒറ്റ ഊളിയിടല്‍. ആമയും നിക്കറും മാഞ്ഞു പോയി.

പുള്ളി,പാട്ടും കുളിയും കഴിഞ്ഞു കര കയറി. വിലപ്പെട്ട സാധനം കാണുന്നില്ല. പുള്ളി ഞങ്ങളെ സംശയിച്ചു, “ ഒളിച്ചു വച്ചവന്‍, ആരാടാ? താടാ വേഗം .”

ഒരാള്‍ വിളിച്ചു പറഞ്ഞു, “ അമ്മാവോ, അമ്മാവന്‍റെ നിക്കര്‍ ആമ കൊണ്ട് പോയി.” അയാള്‍ വിശ്വസിച്ചില്ല. നമ്മളോട് ദയ തോന്നിയ ആമ ജലപ്പരപ്പില്‍ പൊങ്ങി വന്നു. ഞങ്ങള്‍ കൂകി വിളിച്ചു അയാള്‍ക്ക്‌ കാണിച്ചു കൊടുത്തു. അയാള്‍ നിക്കറിനെയോ, ആമയെയോ പിടിക്കാന്‍ ആഞ്ഞു. വീണ്ടും ആമ മുങ്ങി. പിന്നെ ആ ആമയെയും നിക്കറിനെയും ആരും കണ്ടിട്ടില്ല.

പിന്നീട്, പുള്ളി കവലയില്‍ വരുമ്പോള്‍ ഞങ്ങളില്‍ ആരെങ്കിലും മറഞ്ഞു നിന്നു “ഹേയ്...പൂയ്‌....ആമാനിക്കറേയ്.....” എന്ന് വിളിക്കും. ആ സൌമ്യനായ മനുഷ്യന്‍ സൌമ്യത വെടിഞ്ഞു തനിക്ക് അറിയാവുന്ന തെറികള്‍ മൊത്തവും, തെറികളുടെ സഫിക്സും പ്രിഫിക്സും മാറ്റി പുതിയ തെറികള്‍ ഉണ്ടാക്കിയും ആവര്‍ത്തനം ഒഴിവാക്കി ഒരു അരമണിക്കൂര്‍ വച്ചു കാച്ചും.

Sunday, October 23, 2011

ഈ ഗതി നിങ്ങള്‍ക്ക് വരരുത്.


ദീപാവലിക്ക് പറ്റിയ ഈ വമ്പന്‍ അബദ്ധം, ഓരോ ദീപാവലി വരുമ്പോഴും മനസ്സില്‍ ഓടി എത്തും.
    പ്ലസ്‌ടുവിന് പഠിക്കുന്ന കാലം. ഒരു ദീപാവലി സായാഹ്നം. വരാന്തയില്‍, ഒരു കടലാസില്‍ കുറെ റോക്കറ്റുകള്‍. ഞാന്‍ മുറ്റത്ത് കയ്യില്‍ ഒരു കമ്പിത്തിരി കത്തിച്ചു വേഗത്തില്‍ ചുഴറ്റി അഭ്യാസങ്ങള്‍. വേഷം ഒറ്റമുണ്ട്. മടക്കി കുത്തിയിട്ടില്ല. അതില്‍ നിന്ന് ഒരു തീപ്പൊരി പറന്നു എങ്ങനെയോ റോക്കറ്റില്‍ വീണു. ആശാന്‍ ആ തീപ്പൊരിയില്‍ നിന്ന് ഉത്തേജനം ഉള്‍ക്കൊണ്ടു മൂളിപ്പാഞ്ഞു വന്നു എന്‍റെ ഏകദേശം മുട്ടിനു പുറകിലായി, “മ്...മ്...മ്...” എന്ന് മൂളുന്ന ശബ്ദം. എനിക്ക് കാര്യം മനസ്സിലായില്ല. ഞാന്‍ മുന്നോട്ടു ഓടി. റോക്കറ്റും വിട്ടില്ല. കൂടെ വന്നു. ഞാന്‍ ചാടിനോക്കി. ഒരുരക്ഷയുമില്ല. ഏതോ ക്ഷുദ്ര ജീവി ആക്രമിക്കാന്‍ പുറകിലുണ്ട്. കുറെ നേരം പ്രഭുദേവ സ്റ്റൈലില്‍ നൃത്തം ചവിട്ടി നോക്കി. ആര് കേള്‍ക്കാന്‍? ആര് പോകാന്‍? കുറെ നേരം അവന്‍ പുറകില്‍ മൂളലോടെ മുട്ടി ഉരുമ്മി നിന്നു. പിന്നെ ആശാന്‍ പൊട്ടി. മുണ്ടില്‍ വല്യ ഒരു ആസ്ത്രേലിയന്‍ മാപ്പ്. കാലില്‍ അല്ലറ ചില്ലറ പൊള്ളലുകള്‍. അതിനു ശേഷം ഒരു ദീപാവലിക്കും ലാത്തിരി ...പൂത്തിരി ....കമ്പിത്തിരി ..മത്താപ്പ് കത്തിക്കുമ്പോള്‍ റോക്കറ്റ്‌ വീട്ടിനു പുറത്തെടുക്കാറില്ല.

സംശയം:- അന്ന് മുണ്ട് മടക്കി കുത്തിയിരുന്നെങ്കില്‍, റോക്കറ്റ്‌ കാലിനിടയിലൂടെ പോകുമായിരുന്നോ? അതോ.....എന്റമ്മോ....

Saturday, October 22, 2011

ദീപാവലി


വെടിയൊച്ച താങ്ങാനാകാതെ
നാടു വിട്ടോടുന്ന പട്ടികള്‍
വല്യ ശബ്ദത്തില്‍ അസഹിഷ്ണുക്കളാകുന്ന
വൃദ്ധരും  രോഗികളും

എപ്പോഴും ഓലക്കുടിലുകളില്‍
വന്നു പതിക്കാവുന്ന
റോക്കറ്റുകളെ കാത്തു
ഉറക്കമിളക്കുന്ന പാവങ്ങള്‍

അപ്രതീക്ഷിതമായ  പൊട്ടിത്തെറികളില്‍
ഞെട്ടിത്തെറിക്കുന്ന പഥികന്‍
പൊട്ടിച്ചിരിക്കുന്ന യൌവ്വനങ്ങള്‍ തന്‍
കുട്ടിത്തരമാം ക്രൂരതകള്‍

അടക്കാനാകാത്ത കൌമാരങ്ങളുടെ
സാഹസികമാം വികൃതികള്‍
എല്ലാം നിസ്സാരമെന്നുള്ള ഒറ്റ ഭാവം
നെഞ്ചിടിപ്പോടെ മാതാപിതാക്കള്‍

കാണുവാനല്ല, കാട്ടുന്നതോക്കെയും
കാണിക്കുവാനുള്ള വ്യഗ്രത  മാത്രം
കാണുവാനല്ല, കാട്ടുന്നതോക്കെയും
കാണിക്കുവാനുള്ള വ്യഗ്രത  മാത്രം

Thursday, October 20, 2011

വീണ്ടും റിയാലിറ്റി ചിന്തകള്‍


നമ്മുടെ ശരത് സാറ് ഇളയരാജ പുരാണം വിളമ്പാന്‍ തുടങ്ങിയിട്ട് കുറെ നാളുകളായി. എല്ലാം കൂടെ ഒരു സംപൂര്‍ണ്ണ കൃതി ആക്കിയാല്‍ വോള്യങ്ങള്‍ വേണ്ടി വരും.
ശരത് ആവുമ്പോള്‍ ഒരു പക്ഷെ സംഗതി നേരായിരിക്കും. പൊട്ടന് പാട്ടുരുക്കുന്നിടത്ത് എന്ത് കാര്യം? പക്ഷെ, ഒരു ശരാശരി മലയാളിയോട് ഇഷ്ടമുള്ള പത്തു പാട്ടുകള്‍ ചോദിച്ചാല്‍ ഇളയരാജ സംഗീതം നല്‍കിയ ഒരു മലയാള പാട്ടെങ്കിലും അതില്‍ കാണുമോ?
പുള്ളിയുടെ ഒരുഗ്രന്‍ പാട്ടാണ്, പുഴയോരത്തില്‍ പൂന്തോണി എത്തീല...
എന്റെ ഒരു ചങ്ങാതി പറയാറുണ്ട്. അതിനെ തമിഴ്‌ ശൈലിയില്‍ പാടിയാല്‍ ഒന്ന് കൂടെ നന്നായിരിക്കും എന്ന്. വാക്കുകളെ തമിഴീകരിച്ചു ഒന്ന് മൂളിനോക്കിയാല്‍ ശരിയാണെന്നെ തോന്നൂ.

     നമ്മുടെ അന്തിക്കാട് സാറിന്റെ സ്ഥിരം സംഗീതം ഇപ്പോള്‍ പുള്ളി ആണല്ലോ?
ജോണ്‍സന്‍ സാറിന്‍റെ “ തങ്കത്തോണിയെ വെല്ലുന്ന ഒരു പാട്ട് അടുത്ത കാലത്ത് പുള്ളിയുടെ ചിത്രങ്ങളില്‍ കണ്ടില്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍.

     ഒരു വലിയ ഗായകന്‍ നമ്മുടെ റഹ്മാന്‍ പട്ടിയുടെ “ഭൌ..ഭൌ..” വില്‍ നിന്ന് ഉത്തേജനം കൊണ്ടാണ് പുള്ളി “ ജയ്‌..ഹോ” എഴുതിയത് എന്ന് പറയുകയുണ്ടായി.
അത് പുകഴ്ത്തലാണോ? ഇകഴ്ത്തലാണോന്ന് അറിയില്ല.

     ഇളയരാജ സാറ് ഒരു സിംഫണി ചെയ്തു എന്ന് കേട്ടിട്ടുണ്ട്. അത് കേട്ടവര്‍ ആരെങ്കിലുമുണ്ടോ?

     റഹ്മാനും ജോണ്‍സനും ഔസേപ്പച്ചനും ജയചന്ദ്രനും രവീന്ദ്രനും ഒന്നും സംഗീത സംവിധായകര്‍ അല്ലെ? അതും പോട്ടെ, സലില്‍ ചൌധരിയും നൌഷാദും വിദ്യാസഗരും മറു ഭാഷയില്‍ നിന്നെത്തി എത്ര നല്ല പാട്ടുകള്‍ നമ്മള്‍ ഇന്നും മൂളുന്നു.

     തമിഴില്‍ ഇളയരാജ നല്‍കിയ സംഭാവനകള്‍ ആര്‍ക്കും നിഷേധിക്കാനകില്ല. സമ്മതിക്കുന്നു. ഓര്‍ക്കസ്ട്രേഷന് റഹ്മാന്‍ രാജയെക്കള്‍ മോശമാണോ?

     പൊട്ടന് ഒരു സംശയം മാത്രം ബാക്കി, നമ്മള്‍ മലയാളികള്‍ മലയാളികളുടെ
കഴിവ് അംഗീകരിക്കാന്‍ ലോകാവസാനം വരെ മടി കാണിക്കും.

     ഇന്നും കുടുംബ സദസ്സുകളില്‍ പോലും ടിവിയില്‍ സന്യസിനിയോ, നീലഗിരികളോ പാടുമ്പോള്‍ നിശബ്ദത കാണാം.

     മലയാളത്തിന് ഒട്ടേറെ സംഭാവനകള്‍ നല്‍കിയവരെ ഇകഴ്ത്തുന്നു എന്ന് തോന്നലുണ്ടാക്കരുത് ഈ പുകഴ്ത്തലുകള്‍ക്ക് എന്നെ ഉദ്യേശിചുള്ളൂ.

“ പൊട്ടന് പാട്ടുരുക്കുന്നിടത്ത് എന്തു കാര്യം?”

കുറ്റബോധം


വിജനമായ ഉച്ച നേരങ്ങളില്‍
ഇരുട്ടത്ത്‌ ആളൊഴിഞ്ഞ ഇടവഴികളില്‍
അടച്ചിട്ട മുറികളില്‍
നമ്മള്‍ പലപ്പോഴും കണ്ടുമുട്ടി

നീ പറഞ്ഞ കുറച്ചു വാക്കുകളില്‍
ഒത്തിരി സ്നേഹവും തേങ്ങലും
പറയാന്‍ മടിച്ചു മൌനത്തില്‍ ചൊല്ലിയ
ആഗ്രഹങ്ങളും കണ്ണുകളില്‍ ഞാന്‍ കണ്ടു

എപ്പോഴോ ഇടയ്ക്കു കടന്നു വരുന്ന
ഒന്നാകാനുള്ള തോന്നല്‍
അറിഞ്ഞു കൊണ്ട് മാറ്റിവച്ച
എത്ര എത്ര മുഹൂര്‍ത്തങ്ങള്‍

എങ്കിലും
ഒടുവിലൊരിക്കല്‍
കീഴ്പ്പെടുത്താനുള്ള എന്റെ ആഗ്രഹവും
കീഴ്പ്പെടാനുള്ള നിന്റെ ആഗ്രഹവും
ഒന്നിച്ചു നമ്മള്‍ ഒന്നായി

ഇപ്പോള്‍
എന്റെ മനസ്സില്‍ നിറയെ നിര്‍വൃതി
നേര്‍ത്ത കുറ്റബോധം
നിന്നില്‍ നേര്‍ത്ത നിര്‍വൃതി
ഏറെ കുറ്റബോധം

നിന്റെ കുറ്റബോധം കാണുമ്പോള്‍
എന്റെ കുറ്റബോധം കുറ്റത്തെക്കാള്‍ വലുതാകുന്നു.

Tuesday, October 18, 2011

പട്ടി


പട്ടിണിക്കിട്ടിട്ടും
ചീത്ത വിളിച്ചിട്ടും
തല്ലിയിട്ടും
“ത്സോ” എന്ന് വിളിക്കുമ്പോള്‍
വാലാട്ടി, കാല്‍ നക്കുന്നത് കൊണ്ടാണോ
എന്നെ പട്ടി എന്ന് വിളിക്കുന്നത്‌?




മണ്ടന്‍ ശാസ്ത്ര ചിന്തകള്‍


എന്താണ് പ്രപഞ്ചം? പ്രപഞ്ചമെന്നാല്‍ എല്ലാം എന്നര്‍ത്ഥം. സര്‍വ്വ ചരാചരങ്ങളും ഊര്‍ജ്ജവും ശൂന്യതയുമെല്ലാം അതില്‍ ഉള്‍പ്പെടുന്നു. അപ്പോള്‍, വേറെ പ്രപഞ്ചം ഉണ്ടെന്നുള്ള ശാസ്ത്ര വാദങ്ങള്‍ പ്രപഞ്ചത്തിന്റെ നിര്‍വ്വച്ചനത്തിനു തന്നെ നിരക്കത്തതാകുന്നു. വേറെ പ്രപഞ്ചമുണ്ടെങ്കില്‍ എല്ലാം ഉള്‍ക്കൊള്ളുന്നതാണ് പ്രപഞ്ചം എന്ന് എങ്ങനെ പറയാനാകും? എല്ലാത്തിനും ഉള്ളടങ്ങാത്ത മറ്റ് ഏതു “എല്ലാം” ആണ് ഉള്ളത്?
നമ്മുടെ പ്രപഞ്ചത്തിന്റെ വലിപ്പമെന്താണെന്ന് തിട്ടപ്പെടുത്തിയിട്ടില്ലെന്നാണ് ഇതുവരെ ഉള്ള എന്റെ അറിവ്. സങ്കല്‍പ്പങ്ങള്‍ക്ക് അപ്പുറമാണ് പ്രപഞ്ചത്തിന്റെ വലിപ്പം.
നമുക്ക് ഇന്ന് അറിയാവുന്ന എല്ലാ ഭൌതിക നിയമങ്ങളും നമ്മുടെ പ്രപഞ്ചത്തിനു ബാധകമാണ്. അപ്പോള്‍ മറ്റു പ്രപഞ്ചങ്ങളില്‍ ഈ നിയമങ്ങളുടെ നിലനില്‍പ്പ് എന്തായിരിക്കും?  പ്രകാശത്തിനെക്കാള്‍  വേഗതയുള്ള കണികകളുടെ കണ്ടുപിടുത്തം നമുക്കു അറിയാവുന്ന അല്ലെങ്കില്‍ നമ്മള്‍ പിന്തുടര്‍ന്ന് പോകുന്ന ഭൌതിക സമവായങ്ങളില്‍  വരുത്തുന്ന മാറ്റങ്ങള്‍ ശാസ്ത്ര ലോകം ഇതുവരെ തിട്ടപെടുത്തിയിട്ടില്ല.
ഇവിടെ ചിന്ത മറ്റൊന്നാണ്. എന്താണ് ഏറ്റവും ചെറുത്‌? വലിപ്പങ്ങള്‍ ആപേക്ഷികങ്ങള്‍ ആണ്. വലുപ്പത്തിന് ആധാരം തന്നെ താരതമ്യങ്ങള്‍ ആണ്. ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളുടെ വലിപ്പവും ഇരട്ടി ആയി എന്ന് സങ്കല്‍പ്പിക്കുക. നമുക്കു ഒരു മാറ്റവും  മനസ്സിലാക്കാന്‍ പറ്റില്ല. (വലുപ്പം ഇരട്ടി ആകുന്നതു കൊണ്ടുള്ള ഗുരുത്വാകര്‍ഷണ മാറ്റങ്ങളെയും ഗ്രഹങ്ങളും മറ്റും അതിന്റെ സഞ്ചാര പഥത്തില്‍ തുടരാനകുമോ, എന്നും മറ്റുമുള്ള ചോദ്യങ്ങളെ ഒഴിവാക്കുക)
മുയോണ്‍ ന്യുട്രിനോയെക്കാള്‍ ചെറുതായി എന്താ ഉള്ളത് എന്നറിയില്ല. ഇലക്ട്രോണിന്റെ മൂന്നിലൊന്നു ഭാരം ഉള്ള കുഞ്ഞന്‍. അപ്പോള്‍ ചോദിക്കും ഫോട്ടോണിന്റെ ഭാരം പൂജ്യം അല്ലേന്ന്. നമ്മുടെ ഇന്നത്തെ പരിമിതമായ തുലനങ്ങള്‍ അല്ലേ ഫോട്ടോണിന്റെ ഭാരം പൂജ്യമാക്കുന്നത്? നമ്മുടെ ഇന്നുള്ള സമവായങ്ങളില്‍ മാറ്റം സൃഷ്ടിക്കാത്ത ഒരു ത്യജിക്കാവുന്ന ഭാരം ഫോടോണിനു ഉണ്ടായിക്കൂടെ? (ഇതൊക്കെ അറിയാമെന്കില്‍ ഞാന്‍ വല്ല നാസായിലും പോയിരുന്നു വിലസിയേനെ)
ഇവിടെ ചെറുത്‌ എതെങ്കിലുമാകട്ടെ. ഒരു സംശയം മാത്രം. നമ്മുടെ ഇന്നുള്ള സാങ്കേതിക വിദ്യ വച്ച് നമുക്കു അറിയാവുന്ന ചെറുതുകളാണ് ഇവ. എന്ത് കൊണ്ട് അതിനുള്ളില്‍ ഒരു കുഞ്ഞു മഹാ പ്രപഞ്ചം ഉണ്ടായിക്കൂടാ? തൊഴിയുന്ന മുടിയിലും വെട്ടി എരിയുന്ന നഖങ്ങളിലും എത്ര പ്രപഞ്ചമുണ്ടാകാം? അതോ, നമ്മളും നമ്മുടെ പ്രപഞ്ചവും ആരോ വെട്ടി എറിഞ്ഞ നഖത്തിലെ അല്ലെങ്കില്‍ മുടിയിലെ കുഞ്ഞു പ്രപഞ്ചം? എത്ര ആലോചിച്ചിട്ടും ഈ വലുപ്പങ്ങളുടെ ഗുട്ടന്‍സ് മനസ്സിലാകുന്നില്ല.

Monday, October 17, 2011

ബാല്യത്തില്‍ എഴുതാന്‍ മറന്ന ഒരു കവിത


അക്ഷരം മെല്ലെ ഞാന്‍ കൂട്ടി വായിച്ചു തുടങ്ങവേ
വാക്യങ്ങള്‍ വാരി ഭുജിക്കുവാന്‍ ആര്‍ത്തി
തിരഞ്ഞു ഞാന്‍, ബുക്കുകള്‍, താളുകള്‍
പൂജാമുറിയില്‍, ആദ്യവും അവസാനവും നഷ്ടപ്പെട്ട രാമായണം
മച്ചില്‍ മാറാല മാറിലാക്കി മുത്തശ്ശി തന്‍ ഭാഗവതം
ആകാംക്ഷയോടെ ഞാന്‍ അക്ഷരം കോര്‍ക്കുന്നു
അറിയുന്ന വാക്കുകള്‍ ഉള്ളില്‍ തിരയുന്നു
നിരാശയില്‍ നമ്ര ശിരസ്കനായ്‌ തിരികെ നടക്കുന്നു
മണിപ്രവാളങ്ങള്‍ കുട്ടികള്‍ക്കെന്നുമേ അജീര്‍ണ്ണം

അയലത്തെ വീട്ടിന്റെ കോലായില്‍ ഒരു കുട്ടി
ചെറു കണ്ണട വച്ചവന്‍ ചാരു  കസാലയില്‍
ചുറ്റിനും ചിതറി  എത്ര ബുക്കുകള്‍!
കൊതിപ്പിക്കും പുറം ചട്ട ! എന്തു കഥകളാവാമതില്‍?

ചുറ്റിനും നോക്കി ഞാന്‍ മെല്ലെ നടന്നവന്‍ ഗേറ്റിന്നരികിലായ്‌
തെല്ലു സങ്കോചിച്ചു , എന്നിട്ടും ചോദിച്ചു
ഒന്നവ നോക്കുവാന്‍, എനിക്കില്ലേ അനുവാദം?
ആര്‍ത്തി പൂണ്ടവന്‍ ബുക്കുകള്‍ വാരിയടുക്കി തന്‍
അരികിലായ്‌, പുച്ഛത്തില്‍ ഒരു നോട്ടം
പിന്നെയും മിഴികള്‍ ബൂക്കിലായ്‌ മൂഴ്കവേ
തിരികെ നടന്നു ഞാന്‍ , മിഴികളില്‍ നനവുമായ്

പടികടന്നെതുന്ന അച്ഛന്റെ കയ്കളില്‍ തൂങ്ങി ഞാന്‍
ചിത്രകഥകള്‍ക്കായ് കരഞ്ഞു ശാട്യം പിടിക്കവേ
അരികിലെ പത്തല്‍ അച്ഛന്‍ ആയുധമാക്കവേ
തുടയില്‍ അടിയേറ്റു നിലവിളിച്ചോടാവേ
അമ്മതന്‍ കൈകള്‍ വാരിപ്പുണരവേ
“എന്തിനായ്‌, എന്നെ തല്ലി എന്നച്ചന്‍ ?”
അമ്മ ചൊല്ലി, “അരിക്കായ്‌ കാശില്ലാത്തോരില്ലത്തില്‍
ബുക്കിനായ് നിലവിളി എന്നുമേ അത്യാഗ്രഹം”

Thursday, October 13, 2011

പൂച്ച


മനസ്സിന്‍റെ ചായ്പ്പില്‍
കുറെ നാളുകളായി ഒരു പൂച്ച

കാലുകള്‍ നീട്ടി ഞെളിയുന്നത്
കാലുകള്‍ ചേര്‍ത്ത് കുറുകുന്നത്
ചാരത്തിന്നിളം ചൂട് നുകരുന്നത്
ചാരത്തിന്നിളം ചൂട് പകരുന്നത്
എല്ലാം ഞാന്‍ അറിയുന്നു

മധുരമായി “മ്യാവൂ” മൊഴിയുന്നത്
എഴുനേറ്റു നട്ടെല്ല് നിവര്‍ക്കുന്നത്
കാലുകള്‍ നക്കി മിനുക്കുന്നത്
മുഖം തറയിലുരസുന്നത്
വട്ടത്തില്‍ ഒന്ന് പുളയുന്നത്
കണ്ണടച്ചു ഉറക്കം നടിക്കുന്നത്
എല്ലാം ഞാന്‍ അറിയുന്നു

മുരടനക്കി അറിയിച്ചു പോകുന്നത്
പമ്മി അറിയിക്കാതെ വരുന്നത്
മനസ്സിന്റെ വാതിലില്‍ ഉരസുന്നത്
എല്ലാം ഞാന്‍ അറിയുന്നു

ഇപ്പോള്‍ പൂച്ച ഇല്ലാത്ത നേരങ്ങളില്‍ ചായ്പ്പു
വെറുമൊരു പാഴ്മുറിയെന്ന സത്യം ഞാനറിയിന്നു.